68 പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തി ശ്രീ സഹജനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ട്

guj students forced to prove they weren't menstruating

ആർത്തവാവസ്ഥയിലാണോ എന്ന് തെളിയിക്കാൻ 68 പെൺകുട്ടികളെ അടിവസ്ത്ര പരിശോധനക്ക് വിധേയമാക്കി ശ്രീ സഹജനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്റ്റൽ അധികൃതർ. ആർത്തവ സമയത്തുള്ള ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന ഹോസ്റ്റൽ മേലധികാരിയുടെ പരാതിയെ തുടർന്നാണ് പരിശോധന നടന്നത്. കൂടാതെ ഹോസ്റ്റലിൽ നിന്ന് ശുചിമുറി വരെ നടത്തിച്ച് പരസ്യമായി അപമാനിക്കുകയും ചെയ്തു. ആർത്തവ സമയത്ത് പെൺകുട്ടികൾ അടുക്കളയിലും അമ്പലത്തിലും പ്രവേശിക്കാൻ പാടില്ലെന്നും  ഈ സമയത്ത് മറ്റു കുട്ടികളെ സ്പർശിക്കരുതെന്നുമാണ് നിയമം.

ബുജിൽ സ്ഥിതി ചെയ്യുന്ന സ്വാമിനാരായൺ മന്ദിർ അനുഭാവികളുടെ  നേത്യത്വത്തിൽ 2012 ൽ സ്ഥാപിതമായതാണ് ശ്രീ സഹജനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ട്. ബികോം, ബിഎ, ബിഎസ്സി കോഴ്സുകളിലായി 1500 വിദ്യാർത്ഥിനികളാണ് അവിടെ പഠിക്കുന്നത്.

ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ഈ 68 കുട്ടികളും കോളേജ് ഹോസ്റ്റലിൽ തന്നെ നിന്നു പഠിക്കുന്നവരാണ്. പ്രിൻസിപ്പൾ റിത റനിങ്കയ്ക്ക് ഹോസ്റ്റൽ അധിക്യതർ നൽകിയ പരാതിയെ തുടർന്ന് ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കുട്ടികളെ നിർബന്ധിതമായി ക്ലാസിൽ നിന്ന് ഇറക്കിവിടുകയും പുറത്ത് നിർത്തുകയുമായിരുന്നു. എല്ലാവരുടേയും മുന്നിൽ വച്ച് വിദ്യാർത്ഥിനികളിൽ ആർക്കാണ് ആർത്തവമുള്ളതെന്ന് നിരന്തരം ചോദിച്ച് അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി ഒരു കുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

പിന്നീട് എല്ലാവരേയും ശുചിമുറിയിലേക്ക് കൊണ്ടുപോവുകയും അദ്ധ്യാപികമാർ അടിവസ്ത്രം മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. അർത്തവത്തിൻറെ പേരിൽ കോളേജ് പ്രിൻസിപ്പളും ഹോസ്റ്റൽ റെക്റ്ററും മറ്റ് അദ്ധ്യാപകരും ദിവസവും തങ്ങളെ അപമാനിക്കുമെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. ആർത്തവത്തിൻറ പേരിൽ ശിക്ഷ വരെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മതപരമായ നിയമങ്ങൾ അനുസരിച്ചാലും ശിക്ഷ ഉറപ്പാണ്. 

സംഭവത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥിനികളെ കോളേജ് അധികൃതർ ഭീക്ഷണിപ്പെടുത്തുകയും കോളേജിൽ ഒന്നും സംഭവിച്ചിട്ടില്ലെന്ന് എഴുതി മേടിക്കുകയും ചെയ്തു. കൂടാതെ പരാതി കൊടുക്കാൻ മുതിർന്ന കുട്ടികളുടെ വീട്ടിലേക്ക് വിളിക്കുകയും മതവിശ്വാസത്തിൻറെ ഭാഗമാണിതെന്ന് പറഞ്ഞു വെെകാരികമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസിൽ പരാതി റെജിസ്റ്റർ ചെയ്തിട്ടില്ല. ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ കച്ച സർവകലാശാലയുടെ വൈസ് ചാൻസലർ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്

content highlights: guj students forced to prove they weren’t menstruating