‘ലോറസ്’ പുരസ്കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക്; പുരസ്കാരം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ

Sachin Tendulkar wins Laureus Sporting Moment award for 2011 World Cup

കഴിഞ്ഞ 20 വർഷത്തെ ഏറ്റവും മികച്ച കായിക നിമിഷത്തിനുള്ള ലോറസ് പുരസ്കാരത്തിന് സച്ചിൻ തെൻഡുൽക്കർ അർഹനായി. കായിക രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് സച്ചിൻ തെൻഡുൽക്കർ. 

2011ൽ ഇന്ത്യയിൽ വച്ച് നടന്ന ലോകകപ്പിൽ വിജയിച്ച ശേഷം സഹതാരങ്ങൾ സച്ചിനെ ചുമലിലേറ്റി മുംബൈ വാംഖഡെ സ്റ്റേഡിയം വലംവെച്ച നിമിഷത്തിനാണ് പുരസ്കാരം. ‘ഒരു രാജ്യത്തിൻറെ ചുമലിൽ’ എന്ന അടിക്കുറുപ്പോടെ പരിഗണിക്കപ്പെട്ട ചിത്രം സ്പോർട്സ് അക്കാദമി അന്തിമ പട്ടികയിൽ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബെര്‍ലിനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

അര്‍ജന്റീനയുടെയും ബാഴ്‌സലോണയുടെയും ഫുട്‌ബോള്‍ താരം ലയണല്‍ മെസിയും ഫോര്‍മുല വണ്‍ കാറോട്ട താരം ലൂയി ഹാമില്‍ട്ടണും മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം പങ്കിട്ടു. 20 വർഷത്തിൽ ഇതാദ്യമാണ് ലോറസ് പുരസ്കാരത്തിന് രണ്ടു പേർ അർഹരാകുന്നത്. യുഎസ് ജിംനാസ്റ്റ് സിമോൺ ബൈൽസിനാണ് വനിതാവിഭാഗത്തിൽ പുരസ്കാരം ലഭിച്ചത്. 

content highlights: Sachin Tendulkar wins Laureus Sporting Moment award for 2011 World Cup