ഡിസംബർ 15ന് ജാമിയ മില്ലിയ സർവകലാശാലയിൽ നടന്ന അക്രമണത്തിന് പിന്നിലെ കാരണക്കാരൻ ഷർജീൽ ഇമാമെന്ന് ഡൽഹി പോലീസ്. ഷർജീൽ ഇമാമിനെ കുറ്റക്കാരനാക്കിക്കൊണ്ടുള്ള കുറ്റപത്രം പോലീസ് സമർപ്പിച്ചു. ഷർജീൽ ഇമാമിൻറെ പ്രസംഗത്തിന് ശേഷമാണ് ഡിസംബർ 15ലെ ആക്രമണം നടന്നതെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നുണ്ട്.
3.2 എംഎം തോക്കും വെടിയുണ്ടകളും പ്രസംഗിച്ച സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാൽ ജാമിയയിലെ മറ്റ് വിദ്യാർത്ഥികളുടെ പേരുകൾ ഒന്നും കുറ്റപത്രത്തിൽ പരമാർശിച്ചിട്ടില്ല. ജനുവരി 16ന് അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രസംഗം നടത്തിയതിന് രാജദ്രോഹ കുറ്റം ചുമത്തി കഴിഞ്ഞ മാസം ഷർജീൽ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സിസിറ്റിവി ദ്യശങ്ങൾ പരിശോധിച്ചതുവഴിയും ദൃക്സാക്ഷികളായ നൂറോളം വിദ്യാർത്ഥികളുടെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുമാണ് ഷർജീൽ ഇമാമിനെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കൊലപാതക ശ്രമം, കലാപ ശ്രമം, മാരകായുധങ്ങള്‍ കയ്യില്വെക്കല് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മാർച്ച് മൂന്നുവരെ ഇമാമിനെ ജുഡിഷ്യൽ കസ്റ്റടിയിൽ വിട്ടു.
content highlights: delhi police filed charge sheet against sharjeel imam as instigator