ദില്ലി പോലീസ് കമ്മീഷണറായി എസ്എൻ ശ്രീവാസ്തവയെ നിയമിച്ചു

SN Shrivastava appointed Delhi police commissioner

ദില്ലി പോലീസ് കമ്മീഷ്ണറായി മുതിര്‍ന്ന ഐപിഎസ് ഓഫിസർ എസ്എൻ ശ്രീവാസ്തവയെ നിയമിച്ചു. കമ്മീഷണർ അമുല്യ പട്നയിക്കിൻ്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പുതിയൊരു പകരക്കാരനായി ശ്രീവാസ്തവയെ നിയമിക്കുന്നത്. ദില്ലി കലാപത്തിൻ്റെ പശ്ചാത്തലത്തിലാണ് പോലീസ് കമ്മീഷ്ണറുടെ നിയമനമെന്നത് ശ്രദ്ധേയമാണ്. ദില്ലിയിലെ ക്രമസമാധാനം പുനഃസ്ഥാപിക്കുകയെന്നതാണ് അദ്ദേഹത്തിന് മുന്നിലെ പ്രധാന വെല്ലുവിളി. നിലവിൽ ദില്ലി പോലീസിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ കമ്മീഷണറാണ് എസ്എൻ ശ്രീവാസ്തവ. 1985 ബാച്ചിലെ ഐപിഎസ് ഓഫിസറായ ശ്രീവാസ്തവ സിആർപിഎഫ് ജമ്മുകാശ്മീർ സോൺ സ്പെഷ്യൽ ഡിജിപിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഇതിനിടയിൽ വലിയ കലാപ ഭൂമിയായി മാറിയ ദില്ലി ഇപ്പോൾ സമാധാന പാതയിലേക്ക് തിരിച്ചെത്തുകയാണ്. ചാന്ദ്ബാഗ് മേഖലയിൽ കടകൾ തുറക്കാൻ തുടങ്ങിയതായും ജനജീവിതം സാധാരണ നിലയിലായെന്നും ദില്ലി പോലീസ് കമ്മീഷ്ണർ ഒപി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയിലെ കലാപ ബാധിതയിടങ്ങൾ ദേശിയ വനിത കമ്മീഷൻ സന്ദർശിക്കുകയും, നിലവിലെ സ്ഥിതികൾ ശാന്തമാണെന്നും ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും, കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത് തുടരുമെന്നും രേഖ ശർമ്മ പ്രതികരിച്ചു. കലാപ ബാധിത പ്രദേശമായ ജാഫ്രാബാദ് സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേഖ.

Content Highlights: SN Shrivastava appointed Delhi police commissioner