കോൺഗ്രസ്സിൽ നിന്നും തങ്ങൾക്ക് രാജധർമത്തെക്കുറിച്ച് പഠിക്കേണ്ടതില്ലെന്ന് ബിജെപി

കോണ്‍ഗ്രസ്ൽ നിന്നും തങ്ങൾക്ക് ഭരണ കർത്തവ്യം എന്താണെന്ന് പഠിക്കേണ്ടതില്ലെന്ന് ബിജെപി. കേന്ദ്ര സർക്കാരുകളോട് രാജധർമം നിറവേറ്റാൻ ആവശ്യപ്പെടണമെന്ന് പറഞ്ഞു കൊണ്ട് കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഡൽഹി കലാപത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു നിവേദനം. ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. രാജധർമത്തെകുറിച്ച് സോണിയ ഗാന്ധി സദാചാര പ്രസംഗം നടത്തരുതെന്നും രാഷ്ട്രീയത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്തവരാണ് കോണഗ്രസുകാരെന്നും കേന്ദ്ര നിയമന്ത്രി രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു.

സമാധാനം, ഐക്യം എന്നിവയെ കുറിച്ച് എല്ലാവരും ഒറ്റക്കെട്ടായി സംസാരിക്കേണ്ട സന്ദർഭത്തിലാണ് വിഷയം രാഷ്ട്രീയവൽക്കപെടുന്നതെന്നും, രാജധർമത്തെകുറിച്ച് പറയുന്ന സോണിയക്കും പ്രിയങ്കയ്ക്കും നിയമ ലംഘനങ്ങളുടെ വലിയ റെക്കോഡുകൾ തന്നെയാണുള്ളതെന്നും രവി ശങ്കർ പറഞ്ഞു. വോട്ടുബാങ്കിനായി ആളുകളെ ഒരു തരത്തിലും പ്രകോപിപ്പിക്കരുതെന്നും, എന്‍പിആര്‍ നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ ശരിയും ഞങ്ങൾ ചെയ്യുമ്പോൾ തെറ്റാകുന്നു. ഇതാണ് നിങ്ങളുടെ രാജധർമ്മമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിച്ചു കൊണ്ടിക്കുകയായിരുന്നു അദ്ധേഹം.

Content Highlights; BJP says they need not learn about dharma from Congress