ഡല്‍ഹി കലാപത്തെച്ചൊല്ലി തർക്കം; പാർലമെന്‍റിന്‍റെ ഇരുസഭകളും നിർത്തി വച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന കലാപം ചൂണ്ടികാട്ടി പ്രതിപക്ഷം മോദി സർക്കാരിനെതിരെ വാക്പോര് ആരംഭിച്ചതോടെ പാർലമെന്‍റിലെ ഇരുസഭകളും നിർത്തിവച്ചു. ആഭ്യന്തര മന്ത്രി അമിത്ഷായുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക്സഭയില്‍ ബഹളം ആരംഭിച്ചത്.

കോൺഗ്രസ്, ഡിഎംകെ, ഇടതുപക്ഷം, ടിഎംസി എന്നിവരടങ്ങുന്ന പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിലും രാജ്യസഭയിലും ആവർത്തിച്ചു പ്രതിഷേധങ്ങള്‍ നടത്തിയത് സഭ നിർത്തിവെക്കാന്‍ കാരണമായി. രാജ്യസഭ 2 മണി വരെയും, ലോക്സഭ 12 മണി വരെയുമാണ് നിർത്തിവെച്ചത്.

ഇന്ന് രാവിലെ നടന്ന ബിജെപി പാർലമെന്റ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് സമാധാനവും ഐക്യവും ഉറപ്പാക്കാൻ പാർട്ടി എംപിമാർ നേതൃത്വം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. വികസനം നമ്മുടെ മന്ത്രമാണെന്നും സമാധാനം, ഐക്യം എന്നിവ വികസനത്തിന് മുൻ വ്യവസ്ഥയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തർക്കങ്ങള്‍ അവസാനിപ്പിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർള രാവിലെ ചേർന്ന സർവ്വകക്ഷി യോഗത്തില്‍, സഭ നടപടികൾ തടസ്സപ്പെടുത്തുന്നവരെ മറ്റ് സെഷനിൽ നിന്ന് സസ്‌പെൻഡ് ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതേതുടർന്ന്, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ബിഎസ്പി എംപി സതീഷ് മിശ്ര എന്നിവർ രാജ്യസഭയിൽ സസ്പെൻഷൻ ബിസിനസ് നോട്ടീസ് നൽകി. കോൺഗ്രസ് എംപിമാരായ ആദിർ രഞ്ജൻ ചൌധരി, ഗൌരവ് ഗോഗോയ്, മാണിക്ക ടാഗോർ എന്നിവർ ലോക്സഭയിൽ അഡ്‌ജേണ്‍മെന്‍റ് മോഷൻ നോട്ടീസും നൽകി. സിപിഐ എം നേതാവ് എളമരം കരീം രാജ്യസഭയിലും നോട്ടീസ് നൽകി. ബജറ്റ് സെഷന്‍ കഴിഞ്ഞ് മൂന്നാഴ്ച്ചത്തെ ഇടവേളക്ക് ശേഷമാണ് ഇന്ന് സഭ കൂടിയത്.

content highlights: Logjam over Delhi violence continues, both Houses adjourned till 2 pm amid ruckus