മുംബൈ: യെസ് ബാങ്കിന്റെ മൊറട്ടോറിയം മാര്‍ച്ച് 14ഓടെ നീക്കിയേക്കും. എന്നാല്‍ ഇത് എസ്ബിഐ നല്കുന്ന മൂലധനത്തെ ആശ്രയിച്ചിരിക്കുമെന്നും റിസര്‍വ് ബാങ്ക് നിയമിച്ച അഡ്മിനിസ്ട്രേറ്റര്‍ പ്രശാന്ത് കുമാര്‍ വ്യക്തമാക്കി. അതിവേഗ പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇതിനായി എസ്ബിഐ ആദ്യം പണം നിക്ഷേപിക്കേണ്ടതുണ്ടെന്നും പ്രശാന്ത് കുമാർ പറഞ്ഞു. പണം ലഭിച്ചാല്‍ ശനിയാഴ്ചയോടെ മൊറട്ടോറിയും നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതേതടുര്‍ന്ന് ബാങ്കിന്റെ എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായിരുന്നു.
യെസ് ബാങ്കിന്റെ നിലനില്‍പ്പ് സാമ്പത്തിക മേഖലയെ സംബന്ധിച്ചെടുത്തോളം നിര്‍ണായകമാണെന്നും 2,450 കോടി രൂപ ഉടനെ നിക്ഷേപിക്കേണ്ടിവരുമെന്നും എസ്ബിഐ ചെയര്മാന് രജനീഷ് കുമാര്‍ പറഞ്ഞിരുന്നു.
മാര്‍ച്ച് അഞ്ചിനാണ് യെസ് ബാങ്കിന്റെ രക്ഷാപദ്ധതി ആര്‍ബിഐ പ്രഖ്യാപിച്ചത്. കരട് പദ്ധതി പ്രകാരം യെസ് ബാങ്കിന്റെ അംഗീകൃത മൂലധനം 600 കോടിയില്‍നിന്ന് 5000 കോടി രൂപയായി വര്‍ധിപ്പിക്കുകയും കൊടുത്തു തീര്‍ത്ത മൂലധനം 4,800 കോടി രൂപയായി ഉയര്‍ത്തുകയും ചെയ്യും.
Content Highlight: Yes bank Moratorium may ends up by Saturday