സാമൂഹിക മാധ്യമം വഴി ആളുകളെ കെണിയില്‍ വീഴ്ത്തുന്ന സംഘം കേരളത്തിലും സജീവമാകുകയാണ്. കൊല്ലത്ത് സാമൂഹിക മാധ്യമത്തിലൂടെ ഗുണ്ടാസംഘത്തിൻ്റെ കെണിയിലകപെട്ട പത്താം ക്ലാസുകാരൻ വിധേയനായത് ജീവൻ പണയം വെച്ചു കൊണ്ടുള്ള പരീക്ഷണങ്ങൾക്കാണ്. 14000 രുപയും രക്ഷിതാക്കളുടെ തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ നഷ്ടമാകുകയും, ജീവന് ഭീഷണിയുമായതോടെ കുട്ടിയും രക്ഷിതാക്കളും കളക്ടർക്ക് പരാതി നൽകുകയായിരുന്നു. കൊല്ലം നഗരത്തിലെ ഐ.സി.എസ്.ഇ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ‘ഇലുമിനാറ്റി മെമ്പർഷിപ്പ് ഫോറം’ എന്ന ഗ്രൂപ്പിൽ അംഗമാകുന്നത്. പഠനത്തിൽ മിടുക്കനായ കുട്ടി അച്ഛൻ്റെ മാബൈൽ ആണ് ഉപയോഗിച്ചിരുന്നത്. സംഘത്തിൽ ചേരുന്നവർക്ക് മാന്ത്രിക ശക്തിയും മാസം ഒരു കോടി രൂപയുടെ കാറും വീടും, മാസം അമ്പതിനായിരം യുഎസ് ഡോളറുമാണ് വാഗ്ദാനം ചെയ്തിരുന്നത്.
രാണ്ടായിരം രൂപ അംഗത്വ ഫീസ് ഓൺലൈനായി അടച്ച് ഫോൺ നമ്പർ നൽകുകയായിരുന്നു. ലൂസിഫറിനെ ആരാധിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് സന്ദേശങ്ങൾ വരികയും ഗ്രൂപ്പിൽ നിന്ന് പിന്മാറില്ലെന്ന് സത്യപ്രതിജ്ഞ പറയുന്ന വീഡിയോ കുട്ടി അയച്ചു കൊടുക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വീഡിയോ കോൾ വഴി കുട്ടിയെ ബന്ധപെട്ടത്. കൂടാതെ അർധ രാത്രിയിൽ ഒറ്റപെട്ട സ്ഥലത്ത് നടക്കാനും ആവശ്യപെടുകയും ചെയ്തു. ഇത് നിരീക്ഷിക്കുന്നതിനായി ഗ്രൂപ്പിലെ മറ്റൊരു അംഗമായ അമീർ എന്ന ആളെത്തുകയും ചെയ്തു. ആദ്യ ദിവസം രാത്രി പരീക്ഷണത്തിനായി വീടിനു സമീപത്തുള്ള പള്ളിയ്ക്ക് സമീപത്തെത്തിയെങ്കിലും നടന്നില്ല. പിന്നീട് കായലിന് കുറുകെയുള്ള തീവണ്ടി പാലത്തിലൂടെ അർധ രാത്രിക്ക് ശേഷം നടത്തിക്കുകയും അതിൻ്റെ വീഡിയോ പടർത്തി അമീൻ അയക്കുകയുമായിരുന്നു.
മൂന്ന് വിരലുകളിൽ മുറിവുണ്ടാക്കിയുള്ള സത്യപ്രതിജ്ഞയും ചെയ്യിച്ചു. കൂടാതെ രാത്രി ഉറക്കമൊഴിച്ചു ചെയ്യേണ്ട പ്രാർത്ഥനകളും ആടിൻ്റെ ചോര ഉപയോഗിച്ച് ആരാധന നടത്തുവാനും ആവശ്യപെട്ടു. വീട്ടിൽ ലൂസിഫറിനായി ആരാധനാലയം പണിയണമെന്നും അതിൽ വെക്കുന്നതിന് വേണ്ട രൂപങ്ങൾക്കായി അമ്പതിനായിരം രൂപ അയച്ചു കൊടുക്കുവാനും ആവശ്യപെട്ടു. വിദേശത്ത് ഇൻ്റൺഷിപ്പിനു വേണ്ടി രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് പാസ്പോർട്ട് എടുക്കുകയും, ഇൻ്റൺഷിപ്പിന് അവസരം ലഭിച്ചെന്ന വ്യാജരേഖ കുട്ടിക്കയച്ചു കൊടുക്കുകയും ചെയ്തു. ഇതിനുശേഷം കൊല്ലത്തും കൊച്ചിയിലുമുള്ള ഗ്രൂപ്പംഗങ്ങളെ സംഘടിപ്പിച്ച് പ്രാർത്ഥന നടത്തുവാനും ആവശ്യപെട്ടു. കുട്ടിയുടെ സ്വഭാവത്തിലുള്ള മാറ്റം ശ്രദ്ധയിൽ പെട്ട രക്ഷിതാക്കൾ മൊബൈൽ പരിശോധിച്ചതോടെ വിവരങ്ങൾ അറിയുകയും ഇതോടെ കുട്ടിക്ക് ഫോൺ നൽകാതെയുമായി.
പക്ഷേ വീട്ടുകാരറിയാതെ കുട്ടി വേറെ ഫോൺ സംഘടിപ്പിക്കുകയും ഗ്രൂപ്പില്‍ വീണ്ടും സജീവമാകുകയും ചെയ്തു. വീട്ടുകാരറിയാതെ സ്വർണ്ണം പണയം വെച്ച് 12000 രൂപ അജ്ഞാത സംഘത്തിന് നൽകുകയും വീട്ടുകാരുടെ തിരിച്ചറിയൽ വിവരങ്ങൾ ഉൾപെടെ കൈമാറുകയും ചെയ്തു. വീണ്ടും പണം ആവശ്യപെട്ടതോടെയാണ് ഗ്രൂപ്പിൽ നിന്ന് പിന്മാറുകയും വധഭീഷണിയുമായി സംഘം രംഗത്തെത്തുകയും ചെയ്തത്. ഇതേ തുടർന്ന് ജില്ലാ കളക്ടർക്ക് പരാതി സമർപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്കും കുട്ടിയുടെ വീടിനടുത്തുള്ള പോലീസ് സ്റ്റേഷനിലും സൈബർ സെല്ലിനും കൈമാറിയിട്ടുണ്ട്.
Content Highlights; Satan worship, The 10th grader conducted life-threatening experiments