വിമതർക്ക് കെണിയൊരുക്കി കമൽനാഥ് സർക്കാർ; വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാൻ നീക്കം

ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കെ, ബദല്‍ മാര്‍ഗങ്ങള്‍ തേടി കോണ്‍ഗ്രസ്. നിലവില്‍ കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ട് അതിജീവിക്കാന്‍ 50 ശതമാനമാണ് സാധ്യതയുള്ളതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാം നിവാസ് റാവത്ത് തന്നെ പറയുന്നു. അതുകൊണ്ടുതന്നെ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടുന്നത് കമല്‍നാഥിന് തിരിച്ചടിയാകും. വിശ്വാസ വോട്ട് വൈകിച്ച് കാര്യങ്ങള്‍ വരുതിയിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

ആറ് മന്ത്രിമാരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിട്ടുണ്ട്. ഇവരടക്കം കര്‍ണാടകത്തിലുള്ള 22 വിമത എംഎല്‍എമാര്‍ ഭോപ്പാലില്‍ തിരിച്ചെത്തുന്ന വേളയില്‍ അടുത്ത നീക്കം നടത്താനാണ് ആലോചന. എന്നാൽ കൊറോണ വൈറസ് ആഗോളതലത്തിൽ വ്യാപിച്ച സാഹചര്യം മുതലെടുക്കാനുള്ള നീക്കമാണ് കമൽ നാഥ് സർക്കാർ നടത്തുന്നത്. കർണാടകത്തിലെ റിസോർട്ടിൽ കഴിയുന്ന മധ്യപ്രദേശ് കോൺഗ്രസ് വിമതർ തിരികെയെത്തിയാൽ നിരീക്ഷണങ്ങള്‍ക്ക് വിധേയരാകേണ്ടി വരും. കൂടാതെ ഇവരെ 14 ദിവസത്തേക്ക് ഐസൊലേഷനിൽ പ്രവേശിപ്പിക്കുക കൂടി ചെയ്യുന്നതോടെ തിങ്കളാഴ്ച്ച നടത്താനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പ് മാറ്റി വക്കുമെന്ന പ്രതീക്ഷയിലാണ് കമൽനാഥ് സർക്കാർ.

നിരീക്ഷണ കാലയളവിൽ ഇവരെ വരുതിയിലാക്കാമെന്നതാണ് കമൽനാഥിന്‍റെ തന്ത്രം. 10 വിമതര്‍ വരെ ഇപ്പോള്‍ കൂടെ നില്‍ക്കുമെന്ന് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് രാം നിവാസ് റാവത്ത് പറയുന്നു. എന്നാൽ ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച്ച തന്നെ വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ആവശ്യമാണ് ബിജെപി മുന്നോട്ട് വെക്കുന്നത്.

Content Highlight: Tactic movements in Madhya Pradesh Congress