ഭോപ്പാൽ: ഗവർണറുടെ നിർദ്ദേശ പ്രകാരം, മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിന്‍റെ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ട ദിവസം ഇന്നാണെങ്കിലും, വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഇന്ന് ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കേയാണ് വിശ്വാസ വോട്ട് ഇന്ന് തന്നെ തേടാൻ ഗവർണർ നിർദ്ദദേശം നൽകിയത്.
അതേസമയം, ഗവർണറുടെ ഉത്തരവ് തള്ളിയ സ്പീക്കർ, ഗവർണറുടെ നയപ്രഖ്യാപനവും, നന്ദി പ്രമേയ ചർച്ചയും മാത്രമാണ് ഇന്നത്തെ നടപടികളിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഭാനടപടി ക്രമങ്ങളിൽ സ്പീക്കറുടെ തീരുമാനമാണ് അന്തിമമെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
ഗവർണറുടെ നിർദേശപ്രകാരം തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമോയെന്ന ചോദ്യത്തിന് സ്പീക്കറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു കമല്‍നാഥിന്‍റെ മറുപടി. വിശ്വാസ വോട്ടെടുപ്പിന് തന്റെ സർക്കാർ തയാറാണെന്ന് ഗവർണറുമായി രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ബിജെപി തടവിലാക്കിയിരിക്കുന്ന എംഎൽഎമാരെ ആദ്യം മോചിപ്പിക്കണമെന്നും കമല്‍നാഥ് പറഞ്ഞു.
ഇതിനിടെ മുഖ്യമന്ത്രി കമൽനാഥ് പുലർച്ചെ 12 മണിയോടെ രാജ് ഭവനിലെത്തി ഗവർണറെ സന്ദർശിച്ചിരുന്നു. നിയമസഭ നടപടികള്‍ സുഗമമായി നടത്തണമെന്ന്ഗവർണർ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസ് സാഹചര്യം മുതലെടുത്ത് വിശ്വാസ വോട്ടെടുപ്പ് നീട്ടികൊണ്ട് പോകാനാണ് കമൽനാഥ് സർക്കാരിന്‍റെ തീരുമാനം.
Content Highlight: Chances lighten for Floor test in Madhya Pradesh