രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ചെയ്യാനൊരുങ്ങി ദൂരദർശൻ

Prasar Bharati plans to re-telecast ‘Ramayan’, ‘Mahabharat’

രാജ്യത്ത് ലോക്ക്ഡൌൺ നടപ്പാക്കിയതിൻ്റ പശ്ചാത്തലത്തിൽ ജനങ്ങളുടെ ബോറടി മാറ്റാൻ ഇതിഹാസ സീരിയലുകളായ രാമായണവും മഹാഭാരതവും വീണ്ടും  പുനഃസംപ്രേഷണം ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖറാണ് ബുധനാഴ്ച ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ച മുതൽ രാമായണം സീരിയലിൻ്റെ സംപ്രേഷണം ആരംഭിക്കുമെന്നും ജനങ്ങളുടെ താല്‍പര്യപ്രകാരമാണ് 1987ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്പര വീണ്ടും സംപ്രേഷണം ചെയ്യുന്നതെന്നും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും വ്യക്തമാക്കി. രാവിലെ 9 മുതല്‍ 10 വരെ ഒരു എപ്പിസോഡും രാത്രി 9 മുതല്‍ 10 വരെ അടുത്ത എപ്പിസോഡും സംപ്രേഷണം ചെയ്യാനാണ് തീരുമാനം.

1987ലാണ് രാമായണം ദൂരദർശനിൽ സംപ്രേഷണം ആരംഭിച്ചത്. രാമാനന്ദ് സാഗര്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഇന്ത്യയുടെ ടെലിവിഷന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം സമാഹരിച്ച പരമ്പര കൂടിയായിരുന്നു രാമായണം. 1988 ഒക്ടോബറിൽ മഹാഭാരതം സംപ്രേഷണം തുടങ്ങി. ബിആര്‍ ചോപ്ര സംവിധാനം ചെയ്ത മഹാഭാരതം ഒരു മണിക്കൂർ നീണ്ട 94 എപ്പിസോഡുകളിലായി 1990 ജൂൺ 24 വരെയാണ് സംപ്രേഷണം ചെയ്തത്.

content highlights: Prasar Bharati plans to re-telecast ‘Ramayan’, ‘Mahabharat’