ഡെലിവറി ബോയി മുസ്ലീം ആണെന്ന് പറഞ്ഞ് സാധനം സ്വീകരിക്കാന്‍ വിസമ്മതിച്ച ഉപഭോക്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെലിവറി ബോയിയുടെ പരാതിയെ തുടര്‍ന്ന് ഗജനന്‍ ചതുര്‍വേദി എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരമാണ് സാധനങ്ങള്‍ ഡെലിവറി ചെയ്യാനായി ഡെലിവറി ബോയി അപ്പാര്‍ട്ട്മെൻ്റിൽ എത്തുന്നത്. കൊവിഡ് 19 നെത്തുടര്‍ന്ന് സുരക്ഷാക്രമം പാലിക്കുന്നതിൻ്റെ ഭാഗമായി ഇവരുടെ അപ്പാര്‍ട്ട്മെൻ്റിൻ്റെ ഗേറ്റില്‍ സാധനങ്ങളുമായി ഇയാള്‍ നിന്നു. സാധനങ്ങള്‍ വാങ്ങിക്കാന്‍ ഗേറ്റിനടുത്തെത്തിയ ചതുര്‍വേദി ഡെലിവറി ബോയിയോട് പേര് ചോദിച്ചു. മുസ്ലിം സമുദായത്തില്‍പ്പെട്ട ആളാണെന്നറിഞ്ഞതോടെ സാധനങ്ങള്‍ വാങ്ങിക്കാന്‍ ചതുര്‍വേദി തയ്യാറായില്ല. താന്‍ മുസ്ലിങ്ങളുടെ കയ്യില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാറില്ലെന്നായിരുന്നു ചതുര്‍വേദി പറഞ്ഞത്.
ഐ.പി.സി സെക്ഷന്‍ 295 (എ) പ്രകാരം ഗജനന്‍ ചതുര്‍വേദിക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. പ്രതിയെ ബുധനാഴ്ച താനെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി 15,000 രൂപ ജാമ്യത്തില്‍ വിട്ടു.
content highlights: Thane Man Allegedly Refuses To Take Delivery From Muslim Man, Arrested


