ബാക്റ്റീരിയകളെയും വൈറസുകളെയും പ്രതിരോധിക്കാന്‍ ആന്റി-വൈറല്‍ ലേപം വികസിപ്പിച്ച് ഹോങ്കോംഗ് സര്‍വകലാശാല

ഹോങ്കോംഗ്: കോവിഡ്-19 പോലുള്ള വൈറസുകളെയും പല രോഗങ്ങള്‍ക്കും കാരണമാവുന്ന ബാക്ടീരിയയെയും പ്രതിരോധിക്കാന്‍ ആന്റി-വൈറല്‍ ലേപവുമായി ഹോങ്കോംഗ് സര്‍വകലാശാലയിലെ ഗവേഷകര്‍. എംഎപി-1 എന്ന പേരിലുള്ളതാണ് ഈ ആന്റി-വൈറല്‍ ലേപം. ഇവ സ്‌പ്രേ ചെയ്യുന്ന പ്രതലം വൈറസിനെയും ബാക്ടീരിയയെയും 90 ദിവസം വരെ പ്രതിരോധിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.

പത്തു വര്‍ഷം നീണ്ട ഗവേഷണ ഫലമായാണ് എംഎപി-1 വികസിപ്പിച്ചെടുത്തത്. എലിവേറ്റര്‍ ബട്ടണുകള്‍, ഹാന്‍ഡ് റെയിലുകള്‍ തുടങ്ങിയവയിലാണ് ഇതിന് പ്രധാന ഉപയോഗം. സ്പര്‍ശിക്കുമ്പോള്‍ താപസംവേദന പോളിമറുകള്‍ അണുനാശകങ്ങള്‍ പുറപ്പെടുവിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടനയെന്ന് ഗവേഷക സംഘത്തിന്റെ തലവന്‍ പ്രഫസര്‍ ജോസഫ് ക്വാന്‍ പറഞ്ഞു.

അണുനാശിനികളുടെ നാനോ ക്യാപ്‌സൂളുകള്‍ അടങ്ങിയ ലേപത്തിന്റെ വ്യാവസായിക ഉല്‍പാദനം ആരംഭിച്ചു. മെയ് മാസത്തോടെ ഉല്‍പന്നം വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Hong Kong University found anti viral spraying liquid preventing virus for 90 days