നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

Irrfan Khan, Magnificent Actor, Dies In Mumbai 

വൻകുടലിലെ അർബുദ ബാധയെ തുടർന്ന് ചികിൽസയിലായിരുന്ന ബോളിവുഡ് നടൻ ഇർഫാൻ ഖാൻ (54) അന്തരിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. 2018 ല്‍ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശത്ത് ചികിത്സയിലായിരുന്ന അദ്ദേഹം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്.

ഹോളിവുഡിലടക്കം നാൽപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1988ല്‍ പുറത്തിറങ്ങിയ സലാം ബോംബേ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്നത്. ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ ഇർഫാന് 2011 ൽ പത്മശ്രീ ലഭിച്ചിട്ടുണ്ട്. കൂടാതെ നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാൻ്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.

രാജസ്ഥാനിലെ ജയ്പുരിൽ ജനിച്ച ഇർഫാൻ ചെറുപ്പത്തിൽ പ്രാദേശിക ക്രിക്കറ്റ് താരമായിരുന്നു. പിന്നീട് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. നിരവധി ടെലിവിഷൻ പരമ്പരകളിൽ വേഷമിട്ടതിനു ശേഷമാണ് സിനിമയിലെത്തിയത്. അമേസിങ് സ്പൈഡർമാൻ, ജുറാസിക് വേൾഡ്, ലൈഫ് ഓഫ് പൈ തുടങ്ങിയവയാണ് ഇർഫാൻ അഭിനയിച്ച പ്രധാന ഹോളിവുഡ് ചിത്രങ്ങൾ. ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാൻ്റെ അമ്മ സയീദ ബീഗം അന്തരിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഇര്‍ഫാന് ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. നടി കൂടിയായ സുതാപ സിക്ദറാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

content highlights: Irrfan Khan, Magnificent Actor, Dies In Mumbai