ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില് നടന്ന ഏറ്റുമുട്ടലില്‍ ലഷ്കറെ തൊയ്ബയുടെ കമാന്‍ഡറെ ഇന്ത്യന്‍ സുരക്ഷാസേന വധിച്ചു. പാകിസ്താന് പൗരനും ലഷ്കറെ തൊയ്ബ ഉന്നത കമാന്‍ഡറുമായ ഹൈദറിനെയാണ് സുരക്ഷാസേന വധിച്ചതെന്ന് കശ്മീര്‍ ഐ.ജി. വിജയ് കുമാര്‍ അറിയിച്ചു.
ജമ്മുകാശ്മീരിലെ ഹന്ദ്വാര മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മേജറും കേണലുമടക്കം അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. സംഭവത്തില്‍ ഒരു ജമ്മുകശ്മീര്‍ പൊലീസും വീര മൃത്യു വരിച്ചു. വീരമൃത്യു വരിച്ചവരില്‍ 4 പേര് കരസേനാംഗങ്ങളാണ്. ഒരാള്‍ ജമ്മു കശ്മീര്‍ പൊലീസ് സബ് ഇന്‍സ്പെക്ടറും. കാശ്മീരില്‍ സമീപകാലത്ത് ഒരു ഓപ്പറേഷനില്‍ ഇന്ത്യന്‍ സേനയ്ക്ക് ഇത്രയുമധികം സേനാംഗങ്ങളെ നഷ്ടപ്പെടുന്നത് ആദ്യമായാണ്. ഹന്ദ്വാരയിലെ വീട്ടില്‍ ഭീകരര്‍ ബന്ദികളാക്കിയ ഏതാനും പേരെ രക്ഷിക്കാനുള്ള ദൗത്യമാണു സേനയുടെ 21 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് ഏറ്റെടുത്തത്. വീടിനുള്ളില്‍ പ്രവേശിച്ച സേനാംഗങ്ങള്‍ ബന്ദികളെ രക്ഷിച്ചു. പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവര്‍ വീരമൃത്യു വരിച്ചത്.
ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. സൈനികരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അവര്‍ വളരെ അര്‍പ്പണബോധത്തോടെ രാജ്യത്തെ സേവിക്കുകയും നമ്മുടെ പൗരന്മാരെ സംരക്ഷിക്കാന്‍ അശ്രാന്തമായി പരിശ്രമിക്കുകയും ചെയ്തെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
Content Highlight: Indian security forces have assassinated Lashkar-e-Taiba’s commander