കോഴിക്കോട് കുന്ദമംഗലത്ത് വര്‍ക്ക് ഷോപ്പിന് തീപിടിച്ച് 11 ബെന്‍സ് കാറുകള്‍ കത്തി നശിച്ചു. ഇന്ന് പുലര്‍ച്ചെ ആറേകാലോടെയാണ് സംഭവം. വര്‍ക്ക് ഷോപ്പില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപ വാസികള്‍ കുന്നമംഗലം പോലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. കുന്ദമംഗലം ഫയര്‍ഫോഴ്സിന് തീയണയ്ക്കാന്‍ കഴിയാതെ വന്നതോടെ വിവിധ ഫയര്‍സ്റ്റേഷനുകളില്‍ നിന്നായി അഞ്ച് യൂണിറ്റ് എത്തിയാണ് തീയണയച്ചത്. രണ്ടര മണിക്കൂര്‍ ശ്രമത്തിന് ശേഷമാണ് തീയണച്ചത്.
രണ്ട് കാറുകള്‍ മാത്രമാണ് കത്താതെ പുറത്തെടുക്കാനായത്. ബാക്കി കാറുകള്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം പൂര്‍ണമായും കത്തി നശിച്ചിരുന്നു. വര്‍ക്ക് ഷോപ്പിലെ ഉപകരണങ്ങളും അലമാരയും പൂര്‍ണമായി കത്തിനശിച്ചു. കാറില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നും കാറിൻ്റെ എന്തെങ്കിലും പ്രശ്നം കൊണ്ടുണ്ടായ തീ മറ്റു കാറുകളിലേക്ക് പടരുകയായിരുന്നു എന്നാണ് വര്‍ക്ക് ഷോപ്പ് ഉടമ പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
content highlights: 11 Benz cars burned in a fire accident in the workshop near kunnamangalam