മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനം പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും പിആര്‍ ഏജന്‍സികളാണ് അതിന് പിന്നിലെന്നുമുള്ള ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ചു കാലമായി ഞാൻ കൈലും കുത്തി ഇവിടെ നിൽക്കുന്നുവെന്നും ആരുടെയെങ്കിലും ഉപദേശം തേടിയല്ല മറുപടി നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങള്‍ കുറച്ച് കാലമായല്ലോ ഈ കൈലും കുത്തി നടക്കുന്നു. ഇപ്പോള്‍ പുതിയതായി വന്നതല്ലല്ലോ. ഞാനും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നിൽക്കുന്നു. നമ്മള് തമ്മില്‍ ആദ്യമായല്ല കാണുന്നത്. കുറെക്കാലമായി കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ. നമ്മള് തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുക എന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധിയുള്ളവരാരും പറയില്ല.
ഇപ്പോള്‍ നിങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ലേ. എൻ്റെ ചെവിയിൽ നിങ്ങളുടെ ചെവിയിൽ വയ്ക്കുന്നതു പോലുള്ള സാധനമൊന്നുമില്ലല്ലോ. നിങ്ങള്‍ക്ക് എന്ത് ചോദിക്കണമെന്ന് ചിലപ്പോള്‍ നിര്‍ദേശം വരാറില്ലേ. അങ്ങനെ നിര്‍ദേശം വരാനുള്ള ഒരു സാധനവും എൻ്റെ കയ്യിലില്ലല്ലോ. ഞാന്‍ ഫ്രീയായി നില്ക്കുകയല്ലേ. നിങ്ങളും ഫ്രീയായി ചോദിക്കുകയല്ലേ.
ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതിരിക്കുന്നുണ്ടോ. എതെങ്കിലും പിആര്‍ ഏജന്‍സിയുടെ നിര്‍ദേശത്തിന് കാത്ത് നല്‍ക്കുകയാണോ ഞാന്‍. എന്നെ ഈ നാടിന് അറിയില്ലേ. കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ ഏറ്റെടുത്തു പറയാൻ നിങ്ങൾ തായാറാകുന്നല്ലോ എന്നൊരു ദൗർഭാഗ്യം മാത്രമെ ഉള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights: CM Pinarayi Vijayan on PR agency allegations