പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് സ്വയം വഹിക്കണമെന്നതില്‍ പ്രതിഷേധം; മുഖ്യമന്ത്രി നിലപാട് മാറ്റുന്നെന്ന് ആരോപണം

ദോഹ: കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികള്‍ തങ്ങളുടെ ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണമെന്ന കേരളസര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധം. ഇത് അംഗീകരിക്കാനാവില്ലെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റി പറഞ്ഞു. ജോലി നഷ്ടപ്പെട്ടും രോഗത്തിന് അടിപ്പെട്ട് വിദഗ്ധ ചികിത്സ തേടിയും നിവൃത്തിയില്ലാതെയാണ് ഭൂരിഭാഗം പ്രവാസികളും നാടണയുന്നത്.പ്രവാസികളെ സ്വീകരിക്കാന്‍ സന്നദ്ധരാണെന്ന് വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് തികഞ്ഞ നീതി നിഷേധമാണ്.

കേരളവികസനത്തിലും പ്രളയമടക്കം മുഴുവന്‍ പ്രതിസന്ധികളിലും കേരളത്തെ താങ്ങി നിര്‍ത്തിയപ്രവാസികളുടെ പങ്ക് വിസ്മരിച്ച് മുന്നോട്ട് പോവുന്നത് ഭൂഷണമല്ല. ഖത്തറില്‍ ഓണ്‍ അറൈവല്‍, വിസിറ്റ് വിസകളില്‍ വന്ന് കോവിഡ് മൂലം കുടുങ്ങി പോവുകയും ദൈനം ദിന ചെലവുകളും റൂം വാടകയും പോലും കൊടുക്കാന്‍ കഴിയാത്ത നിരവധി പേരുണ്ട്. സന്നദ്ധ സംഘടനകളും മറ്റും നല്‍കുന്ന ഭക്ഷണ കിറ്റുകളും മറ്റു സഹായങ്ങളും കൊണ്ടാണ് പലരും കഴിയുന്നത്. നാടണയാനുള്ള ടിക്കറ്റ് പോലും വ്യക്തികളും സംഘടനകളും സ്ഥപനങ്ങളുമാണ് പലര്‍ക്കും നല്‍കുന്നത്.

മടങ്ങി വരുന്നവരെ ക്വാറന്റീന്‍ ചെയ്യാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒഴിവാകുന്നത് തെളിയിക്കുന്നത് പൗരന്മാരോടുള്ള പ്രാഥമിക ബാധ്യത നിര്‍വഹിക്കാന്‍ ആവില്ലെന്ന പ്രഖ്യാപനത്തിന് തുല്യമാണ്.സര്‍ക്കാറിന് സൗകര്യം ഒരുക്കാന്‍ സാധ്യമല്ലെങ്കില്‍ വിവിധ രാഷ് ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ കൂട്ടായ മാര്‍ഗ്ഗങ്ങള്‍ ആരായുക, ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ പ്രാദേശികമായി സംവിധാനിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളും സര്‍ക്കാരിന് ആരായാം.

ഇതിനൊന്നും ശ്രമിക്കാതെ ചെലവ് സ്വയം വഹിക്കണമെന്ന് പ്രസ്താവിച്ച് ബാധ്യതകളില്‍നിന്ന് ഒഴിയാനുള്ള നീക്കത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. ദോഹ: കേരള സര്‍ക്കാറിന്റെ നിലപാടില്‍ ഇന്‍കാസ് ഖത്തറും പ്രതിഷേധിച്ചു. രണ്ടുലക്ഷം പ്രവാസികളെ ക്വറന്റീന്‍ ചെയ്യാന്‍ കേരളം സുസജ്ജമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ അവര്‍ വന്നുതുടങ്ങിയപ്പോള്‍ നിലപാട് മാറ്റുകയാണെന്നും അവര്‍ ആരോപിച്ചു.

Content Highlight: Protests over self-imposed quarantine costs; It is alleged that the CM is changing his stand