കൊവിഡ് പശ്ചാത്തലത്തില്‍ മൂന്ന് കാര്യങ്ങളില്‍ ജനങ്ങള്‍ പരമാവധി ചര്‍ച്ചയും പങ്കാളിത്തവും നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിലെ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സില്‍വര്‍ ജൂബിലി ആഘോഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെലി മെഡിസിന്‍ പുരോഗതിയാണ് ഒന്നാമത്തേത്. ടെലി മെഡിസില്‍ വലിയ തോതില്‍ ജനപ്രിയമാക്കുന്നതിന് പുതിയ മോഡലുകളെ കുറിച്ച് രാജ്യം ചിന്തിക്കണം. അടുത്തത് ആരോഗ്യമേഖലയിലെ മെയ്ക്ക് ഇന്‍ ഇന്ത്യയാണ്. നമ്മുടെ ആഭ്യന്തര നിര്‍മാതാക്കള്‍ പിപിഇ കിറ്റുകളുടെ ഉത്പാദനം ആരംഭിക്കുകയും ഒരു കോടിയോളം പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുകയുമുണ്ടായി. മൂന്നാമത്തേത് ആരോഗ്യ മേഖലയിലെ ഐടി അനുബന്ധ ഉപകരങ്ങളാണ്. ‘ആരോഗ്യസേതു’ ആപ്പ് ആരോഗ്യബോധമുള്ള 12 കോടി ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തു. കൊറോണക്കെതിരായ പോരാട്ടത്തിന് ഇത് വളരെയേറെ സഹായകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
വൈറസ് ഒരു അദൃശ്യ ശത്രുവായിരിക്കാം. എന്നാല്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്. അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തില്‍ നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ വിജയിക്കുമെന്ന് ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, എംബിബിഎസില്‍ 30,000 സീറ്റുകളും ബിരുദാനന്തര ബിരുദത്തില്‍ 15,000 സീറ്റുകളും ചേര്‍ക്കാന്‍ സർക്കാരിന് കഴിഞ്ഞു. രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളേജ് അല്ലെങ്കില്‍ ബിരുദാനന്തര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
content highlights: Amid Covid-19 crisis, PM Modi calls for ‘maximum discussion’ on three things including tele-medicine