അമേരിക്കയില്‍ പ്രതിഷേധത്തിനിടെ കറുത്ത വര്‍ഗ്ഗക്കാരന് വെടിയേറ്റ സംഭവം; അറ്റ്‌ലാന്റ പൊലീസ് മേധാവി രാജിവെച്ചു

വാഷിംങ്ടണ്‍: അമേരിക്കയില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലുടനീളം പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടെ വീണ്ടും പൊലീസ് ക്രൂരത. കാറില്‍ ഉറങ്ങി കിടക്കുകയായിരുന്ന 27 വയസ്സുകാരന്‍ റെയ്ഷാദ് ബ്രൂക്ക് എന്ന കറുത്ത വര്‍ഗക്കാരനെയാണ് പൊലീസ് വെടിവെച്ച് കൊന്നു.

റെയ്ഷാദ് ഭക്ഷണശാലയിലേക്കുള്ള വഴി തടസപ്പെടുത്തിയെന്നും ഇതേത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഈ സംഘര്‍ഷമാണ് വെടിയുതിര്‍ക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നും പോലീസ് ന്യായീരിച്ചു. എന്നാല്‍, സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അറ്റ്‌ലാന്റ പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്‌സ് സ്വയം രാജി സമര്‍പ്പിച്ചു.

ബ്രൂക്കിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അറ്റ്‌ലാന്റയിലുടനീളം വന്‍ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ശനിയാഴ്ച വൈകുന്നേരം, പ്രകടനക്കാര്‍ അറ്റ്‌ലാന്റയിലെ പ്രധാന ഹൈവേയായ ഇന്റര്‍സ്‌റ്റേറ്റ്-75 അടച്ചു. ബ്രൂക്ക്‌സ് മരിച്ചതിന്റെ സമീപത്തുള്ള വെന്‍ഡിയുടെ റെസ്റ്റോറന്റിനും പ്രതിഷേധക്കാര്‍ തീയിട്ടു.

അതിനിടെ റെയ്ഷാദ് ബ്രൂക്കിനെ വെടിവച്ച് കൊലപ്പെടുത്തിയ ഉദ്യോഗസ്ഥനെ എത്രയും വേഗം പിരിച്ചുവിടാന്‍ അറ്റ്ലാന്റ മേയര്‍ കെയ്ഷ ലാസ് ബോട്ടം ഉത്തരവിട്ടിട്ടുണ്ട്.

Content Highlight: Atlanta Police Chief resigned over shooting Reyshad Brook