കോലഞ്ചേരിയിൽ അച്ഛന്റെ മർദനമേറ്റ നവജാത ശിശുവിന്റെ നില ഗുരുതരം; ക്രൂരത പെൺകുഞ്ഞായതിൻ്റെ പേരിൽ

father attacked 54 days old kid

അച്ഛൻ തലക്കടിച്ച് പരിക്കേൽപ്പിച്ച 54 ദിവസം പ്രായമുള്ള കുഞ്ഞിൻ്റെ നില അതീവ ഗുരുതരം. കുഞ്ഞ് ഇപ്പോഴും അബോധാവസ്ഥയിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുഞ്ഞിൻ്റെ തലച്ചോറില്‍ അമിത രക്തസ്രാവവും വെള്ളക്കെട്ടും, കാലുകളില്‍ ചതവുമുണ്ട്. തലച്ചോറിൻ്റെ പ്രഷര്‍ കണ്‍ട്രോള്‍ ചെയ്യാനുളള ചികിത്സയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നാണ് മെഡിക്കൽ കോളേജിലെ ഡോ. സോജൻ ഐപ്പ് അറിയിച്ചു. കുഞ്ഞിനെ അച്ഛനും അമ്മയും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. കാഷ്വാലിറ്റിയിൽ എത്തിയപ്പോൾ തന്നെ കുട്ടിയുടെ നില ഗുരുതരാവസ്ഥയിലായിരുന്നെന്ന് ഡോക്ടർ പറഞ്ഞു.

കട്ടിലിൽ നിന്ന് വീണ് പരിക്ക് പറ്റിയെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. എന്നാൽ ഇതിൽ സംശയം തോന്നിയ ഡോക്ടർമാർ വീണ്ടും ചോദ്യം ചെയ്തപ്പോൾ കൊതുകിനെ കൊല്ലാനായി ബാറ്റ് അടിച്ചപ്പോൾ കുഞ്ഞിൻ്റെ നെഞ്ചത്ത് കൊണ്ടുവെന്നാണ് പറഞ്ഞത്. സംശയം തോന്നിയതിനാൽ ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. തലച്ചോറിനകത്തും ചുറ്റും രക്തസ്രാവം ഉണ്ടായിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. രണ്ട് മണിക്കൂറിനകം പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ മെഡിക്കോ ലീഗൽ കേസായി രജിസ്റ്റർ ചെയ്തു.

കുഞ്ഞിന് തുടര്‍ച്ചയായി അപസ്മാരം വന്നു കൊണ്ടിരിക്കുകയാണ്, അതിന് മരുന്ന് കൊടുത്തിനെ തുടര്‍ന്ന് അപസ്മാരം നിയന്ത്രിക്കാന്‍ സാധിച്ചിട്ടുണ്ട്. പക്ഷേ കുട്ടി ഇപ്പോഴും അബോധാവസ്ഥയിലാണ്. അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍, കിടപ്പുമുറിയില്‍ വെച്ചാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. ഭാര്യയുടെ കൈയില്‍ നിന്ന് ബലമായി കുഞ്ഞിനെ പിടിച്ചു വാങ്ങി കൈകൊണ്ട് രണ്ടു പ്രാവശ്യം തലക്കടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ആയിരുന്നു.

ഷൈജുവിൻ്റെ ഭാര്യ നേപ്പാൾ സ്വദേശിയാണ്. ഫെയ്സ് ബുക്കിലൂടെ പരിചയപെട്ട ഇരുവരുടെയും വിവാഹം ഒരു വർഷം മുൻപ് നേപ്പാളിൽ വെച്ചായിരുന്നു. കുഞ്ഞിൻ്റെ രാത്രിയിലുള്ള കരച്ചിൽ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പറഞ്ഞ് ഇതിനു മുൻപും ഇയാൾ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പെൺകുഞ്ഞായതിൻ്റെ പകയാണ് കുട്ടിയെ ഇത്തരത്തിൽ ഉപദ്രവിച്ചതെന്നും പോലീസ് വ്യക്തമാക്കി. ആലുവ ഡിവൈ.എസ്.പി ജി. വേണുവിൻ്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷത്തിലാണ് ഷൈജു തോമസ് അറസ്റ്റിലായത്.

Content Highlights; father attacked 54 days old kid