അങ്കമാലിയിൽ അച്ഛൻ എറിഞ്ഞു കൊലപെടുത്താൻ ശ്രമിച്ച കുഞ്ഞിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി.ശസ്ത്ര ക്രിയക്ക് ശേഷം ജീവിതത്തിലേക്ക് തിരികെ വരുന്ന ശുഭ സൂചന നൽകുന്ന മാറ്റങ്ങളാണ് കുട്ടിയിൽ നിന്നും പ്രകടമാകുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. കുഞ്ഞ് കരയുന്നുണ്ടെന്നും കണ്ണ് തുറന്നതായും ഡോക്ടർമാർ ആശ്വാസ വാർത്ത പങ്കുവെച്ചു. ഇന്നു രാവിലെ കുഞ്ഞ് പാലു കുടിച്ചതായി കോലഞ്ചേരി മെഡിക്കൽ കോളേജ് മെഡിക്കൽ സുപ്രണ്ട് ഡോ. സോജൻ ഐപ്പ് അറിയിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞ് 48 മണിക്കൂറുകൾക്ക് ശേഷം മാത്രമേ കൃത്യമായ പുരോഗതി വിലയിരുത്താനാകൂ. പക്ഷേ 28 മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നതിൻ്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നുണ്ടെന്നാണ് ഡോക്ടർ സംഘം വ്യക്തമാക്കുന്നത്. പിതാവിൻ്റെ ആക്രമണത്തിൽ തലയിൽ രക്തം കട്ടപിടിച്ച നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ സമ്മർദ്ധമേറിയതോടെ അബോധാവസ്ഥയിലായ കുട്ടിക്ക് പല തവണ അപസ്മാരം വരുകയും ചെയ്തു. കട്ടപിടിച്ച രക്തം കുട്ടിക്ക് തന്നെ ഭീഷണിയായതോടെയാണ് ഇന്നലെ രാവിലെ തലയോട്ടിയിൽ കീ ഹോൾ ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയക്ക് ശേഷമുള്ള 48 മണിക്കൂർ കുഞ്ഞിൻ്റെ ജീവൻ നിലനിർത്തുന്നതിൽ അതീവ നിർണ്ണയകമാണെന്നും കുഞ്ഞിൻ്റെ ശരീരം മരുന്നുകളോട് പ്രതികരിക്കണമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ കുട്ടി കരയാനും കൈകാലുകൾ ചലിപ്പിക്കാനും തുടങ്ങി. ഇന്ന് രാവിലെയോടെ കണ്ണു തുറക്കുകയും കരച്ചിൽ ശക്തമാകുകയുമായിരുന്നു. ഇത് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ഡോക്ടമാർ അറിയിച്ചു. ഇതേ രീതിയിൽ തന്നെ അടുത്ത 48 മണിക്കൂറിൽ കൂടുതൽ പ്രതികരണം കുഞ്ഞിൽ നിന്നുണ്ടായാൽ മാത്രമേ പ്രതീക്ഷക്ക് വകയുള്ളു എന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്.
Content Highlights; health of infant assaulted by father in angamaly improving