സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസുമായി മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്നും പ്രതികളെ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കണം. മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ല. സ്വന്തം ഓഫിസ് പോലും നേരേ ചൊവ്വേ നടത്താൻ സാധിക്കാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫിസിലെ സാമര്‍ത്ഥ്യക്കാരെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പോലും ചോദിക്കുന്ന അവസ്ഥയുണ്ടായെന്നും ചെന്നിത്തല പരിഹസിച്ചു.
സർക്കാരിൻ്റെ പ്രതിഛായ നഷ്ടപ്പെടുത്താൻ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പ്രതിഛായ ഉണ്ടായിട്ടുവേണ്ടേ നഷ്ടപ്പെടുത്താനെന്ന് ചെന്നിത്തല ചോദിച്ചു. പിആർ ഏജൻസികൾ മാധ്യമത്തിൽ എഴുതിയാൽ പ്രതിഛായ ഉണ്ടാകില്ല. കേരളത്തിൽ നടക്കുന്നത് കൺസൾട്ടൻസി ഭരണമാണ്. ഈ സർക്കാർ നിയമിച്ച കൺസൾട്ടൻസികളെ കുറിച്ച് പരിശോധിച്ചാൽ അഴിമതി പുറത്താകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
content highlights: Ramesh Chennithala slams CM Pinarayi Vijayan on gold smuggling case