എല്ലാ മരണവും കൊവിഡ് മരണങ്ങൾ അല്ല; കൊവിഡ് മരണങ്ങൾ സംസ്ഥാനം മറച്ചുവെയ്ക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി

Kerala government never tried to cover up covid deaths in the state says, health minister

പ്രാഥമിക പരിശോധനയിൽ കൊവിഡ് പോസിറ്റീവായി സംശയിക്കുന്ന എല്ലാ മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷെെലജ. അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചു തന്നെയാണ് സംസ്ഥാനത്തും കൊവിഡ് മരണങ്ങൾ കണക്കാക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒരാൾ കൊവിഡ് സംശയിക്കപ്പെടുന്ന സമയത്ത് മരിച്ചാൽ അത് അപ്പോൾ തന്നെ കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ഇതു സംബന്ധിച്ച് വിദഗ്ധ പരിശോധനയും മെഡിക്കൽ റിപ്പോർട്ടും ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സമിതി പരിശോധിച്ചതിന് ശേഷമാണ് കൊവിഡ് മരണം സ്ഥിരീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

അന്തര്‍ദ്ദേശീയ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് കൊവിഡ് രോഗം മൂര്‍ച്ഛിച്ച് അതുമൂലം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കൊവിഡ് മരണത്തിൻ്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ. കൊവിഡ് ബാധിച്ച ഒരാൾ മുങ്ങി മരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരിച്ചാൽ അത് കൊവിഡ് മരണത്തിൽ ഉൾപ്പെടുത്താൻ കഴിയില്ല. അതേസമയം പ്രായാധിക്യവും മറ്റ് പല അസുഖങ്ങളും ഉണ്ടെങ്കിൽ കൊവിഡ് മൂലം മറ്റവയവങ്ങളെ ബാധിച്ച് മരിക്കുകയാണെങ്കിൽ അത് കൊവിഡ് മരണമായി കണക്കാക്കും. 

ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചാല്‍ ഉടന്‍ തന്നെ സാമ്പിളുകള്‍ അതേ ആശുപത്രിയില്‍ തന്നെയുള്ള കൊവിഡ് ലാബിലോ അംഗീകൃത ലാബില്ലായെങ്കില്‍ തൊട്ടടുത്ത കൊവിഡ് ലാബിലോ പരിശോധിനയ്ക്കായി അയക്കുന്നു. മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചാലും മരണത്തിൽ ഡോക്ടർക്ക് സംശയം ഉണ്ടെങ്കിലും കൊവിഡ് പരിശോധന നടത്താറുണ്ട്. 

കൊവിഡ് മരണത്തില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ പേരുകള്‍ പലതും തൊട്ടടുത്ത ദിവസങ്ങളില്‍ സ്ഥിരീകരണത്തിന് ശേഷം സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയതായി കാണാം. മാനദണ്ഡങ്ങൾ അനുസരിച്ച് ഉൾപ്പെടുത്താൻ കഴിയാത്തവ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

content highlights: Kerala government never tried to cover up covid deaths in the state says, health minister