പത്ത് വർഷങ്ങൾക്ക് മുൻപായിരുന്ന ആറു വിമാന ജീവനക്കാരടക്കം 158 പേർ വെന്തു മരിക്കുകയും 8 പേർ അത്ഭുതകരമായി രക്ഷപെടുകയും ചെയ്ത മംഗലാപുരം വിമാന അപകടം ഉണ്ടായത്. ഇതിനു സമാനമായാണ് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ സംഭവിച്ച അപകടം. 2010 മേയ് 21 നായിരുന്നു മംഗലാപുരം വിമാനാപകടം. ദുബായ് അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും മംഗലാപുരത്തേക്ക് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് 812 വിമാനം ലാൻഡിങിന് ഒരുങ്ങുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറി മുന്നോട്ട് പോകുകയും ഇടിയുടെ ആഘാതത്തിൽ ഇന്ധനം ചോർന്ന് വിമാനം കത്തിയമരുകയുമായിരുന്നു. റൺവേയിൽ വിമാനം ഇറങ്ങാൻ വൈകിയതാണ് മംഗലാപുരത്ത് അപകടമുണ്ടാക്കിയത്.
കോഴിക്കോടും സമാനമായ രീതിയിൽ വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നി നീങ്ങിയായിരുന്നു അപകടം. നിയന്ത്രണം വിട്ട വിമാനം 35 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. മുൻഭാഗം കുത്തി വീണ വിമാനം രണ്ടായി പിളരുകയായിരുന്നു. ലാൻഡിങ് സമയത്ത് മഴ ഉണ്ടായതിനാൽ തീപ്പിടിത്തം ഉണ്ടാകാത്തത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. മഴ കാരണം പൈലറ്റിന് റൺവേ കാണാൻ സാധിക്കത്തതാണ് കരിപ്പൂരിൽ അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവ സമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറി. വീണ്ടും ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ വിമാനം റൺവേയിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. ടേബിൾ ടോപ്പ് റൺവേ ആയതിനാൽ വിമാനം നിയന്ത്രിക്കാൻ കഴിയാതെ വന്നതും അപകടത്തിന് കാരണമായെന്നാണ് വിലയിരുത്തുന്നത്.
കരിപ്പൂരിൽ അപകടത്തിയ പെട്ട എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് യാത്രക്കാർ ഉൾപെടെ 190 പേരാണ്. വന്ദേഭാരത് മിഷൻ്റെ ഭാഗമായി എത്തിയ വിമാനമാണ് അപകടത്തിൽ പെട്ടത്. പൈലറ്റ് ക്യാപ്റ്റൻ ഉൾപെടെ 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
മംഗലാപുരം വിമാന താവളത്തിന് സമാനമായി ടേബിൾ ടോപ്പ് രീതിയിലാണ് കരിപ്പൂരിലെയും റൺവേ. അതു കൊണ്ടു തന്നെ താഴ്ചയേറിയ ഭാഗങ്ങളുമുണ്ട്. എന്നാൽ കണ്ണൂരിലെ റൺവേയുടെ നീളം കരിപ്പൂർ, ബജ്പേ വിമാനത്താവളങ്ങളിൽ നിന്ന് വിത്യസ്തമായി ദൈർഘ്യമേറിയതാണ്. അതു കൊണ്ടാണിവിടെ അപകട സാധ്യത കുറച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മംഗലാപുരത്തേത് ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ മൂന്നാമത്തെ വിമാനാപകടമായിരുന്നു. 1996 ലെ ചക്രി ദർദി വിമാനപകടവും, 1978 ലെ 213 പേർ മരിച്ച എയർ ഇന്ത്യ വിമാനം 855 ഉം ആണ് ഇന്ത്യയിലെ മറ്റ് രണ്ട് വലിയ ദുരന്തങ്ങൾ. ടേബിൾ ടോപ്പ് റൺവേയുള്ള മംഗലാപുരത്തെ വിമാനത്താവളത്തിൽ റണ്വേ തെറ്റിയതു കൊണ്ടുണ്ടായ രണ്ടാമത്തെ അപകടം കൂടിയായിരുന്നു ഇത്. രാജ്യത്ത് ഏറ്റവും അപകട സാധ്യതയുള്ളതെന്ന് സിവിൽ ഏവിയേഷൻ വകുപ്പ് വിലയിരുത്തിയ രണ്ട് വിമാനത്താവളങ്ങിലൊന്നാണ് മംഗലാപുരത്തേത്.
Content Highlights; karipur kozhikode kerala air india plane crash after 10 years from manglore flight crash


