കൃഷിയിടത്തില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന് കിണറ്റിലിട്ടു

Man lynched by mob of villagers over theft of vegetables in Jharkhand, six arrested

കൃഷിയിടത്തിൽ നിന്നും പച്ചക്കറി മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം അടിച്ചു കൊന്ന് കിണറ്റിലിട്ടു. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെയുളള ഗ്രാമത്തിലാണ് സംഭവം നടന്നത്. സായ്കൂൾ എന്ന 46 കാരനാണ് ആൾകൂട്ട ആക്രമണത്തിൽ കൊല്ലപെട്ടത്. ഗുരുതരമായി പരിക്കേറ്റ കൂട്ടുകാരൻ കിണറ്റിൽ നിന്നും രക്ഷപെട്ട് പോലീസ് സഹായം തേടിയതൊടെയാണ് സംഭവം പുറം ലോകമറിയുന്നത്.

പ്രദേശത്തെ കൃഷിയിടത്തിൽ നിന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളിലായി പച്ചക്കറികൾ മോഷണം പോകുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് കള്ളന്മാരെ പിടികൂടുന്നതിനായി ഗ്രാമവാസികൾ രാത്രിയിൽ കാവലേർപെടുത്തിയിരുന്നു. അസമയത്ത് ഇവരെ കണ്ട നാട്ടുകാർ പിടി കൂടി മുളവടിയും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദിച്ചു.

മർദനത്തിൽ അബോധാവസ്ഥയിലായ ഇരുവരെയും അക്രമികൾ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിനോദ് കിണറ്റിൽ നിന്നും പിടിച്ചു കയറി മുകളിലേക്ക് എത്തി പോലീസ് സഹായം തേടുകയായിരുന്നു. ഇയാളെ പാടലീ പുത്ര മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

Content Highlights; Man lynched by mob of villagers over theft of vegetables in Jharkhand, six arrested