രാജമലയിൽ മണ്ണിടിച്ചിൽ അകപെട്ട് മരിച്ചവരുടെ എണ്ണം 49 ആയി

rajamala disaster; death toll rises 49

രാജമല മണ്ണിടിച്ചിലിൽ അകപെട്ട് മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് ആറ് മൃതദേഹങ്ങളാണ് ലഭിച്ചത്. ഇനിയും 21 പേരെ കൂടി കണ്ടെത്താനുണ്ട്. അതിൽ തന്നെ അധികവും കുട്ടികളാണ്. പുഴയിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് ഇന്ന് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്നും കിലോമീറ്ററുകൾ മാറിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വലിയ പാറക്കൂട്ടങ്ങളാണ് നിലവിലെ തിരച്ചിലിന് തടസ്സമാകുന്നത്. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ചെറു സ്ഫോടനം നടത്തി രക്ഷാ പ്രവർത്തനം വേഗത്തിലാക്കാനാണ് തീരുമാനം. പുഴയിൽ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലാണ് പുരോഗമിക്കുന്നത്.

തെരച്ചിലിനെത്തിയ രക്ഷാ പ്രവർത്തകർക്കെല്ലാം കൊവിഡ് പരിശോധന ഇന്നും നടത്തും. മരിച്ചവരുടെ ബന്ധുക്കൾ തമിഴ്നാട്ടിൽ നിന്നും കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അഗ്നിശമന സേനാ ജീവനക്കാരന് കാര്യമായ സമ്പർക്കം ഉണ്ടായിട്ടില്ല. മരിച്ചവരെ കാണാൻ തമിഴ്നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബന്ധുക്കൾ എത്തി കൊണ്ടിരിക്കുകയാണ്. ആയിരത്തിലധികം ആളുകൾ ഇതുവരെ എത്തിയതായാണ് പോലീസ് വ്യക്തമാക്കുന്നത്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് ഇവരെ ചെക് പോസ്റ്റുകളിൽ നിന്നും കടത്തി വിടുന്നത്.

Content Highlights; rajamala disaster; death toll rises 49