കന്യാസ്ത്രീയെ പീഢിപ്പിച്ച കേസിൽ കോടതിയിൽ കുറ്റം നിഷേധിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. കോട്ടയം അഡീഷണൽ സെഷൻ കോടതിയിൽ ഹാജരായ ഫ്രാങ്കോയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. ആയിരം പേജുള്ള കുറ്റ പത്രത്തിൻ്റെ പ്രസക്ത ഭാഗങ്ങളാണ് വായിച്ചു കേൾപ്പിച്ചത്. ചുമത്തപെട്ടിട്ടുള്ള കുറ്റങ്ങൾ പ്രതി നിഷേധിച്ചതിനെ തുടർന്ന് കേസ് വിചാരണക്കായി മാറ്റി. വിചാരണ അടുത്ത മാസം 16 ന് ആരംഭിക്കും. ഒന്നാം സാക്ഷിയെ കൂടി 16 ന് ആദ്യം വിസ്തരിക്കും. രണ്ട് ബിഷപ്പുമാർ ഉൾപെടെ 84 സാക്ഷികളാണ് കേസിലുള്ളത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്. മാനഭംഗം, പ്രകൃതി വിരുദ്ധപീഢനം, തുടങ്ങി ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം ദൈവത്തിൻ്റെ മുന്നിലുള്ള സത്യം കോടതിയിൽ തെളിയിക്കപെടട്ടെയെന്ന് കോടതി നടപടിക്ക് ശേഷം പുറത്തിറങ്ങിയ ഫ്രാങ്കോ പ്രതികരിച്ചു. കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപെട്ട് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി സുപ്രിം കോടതി നേരത്തെ തള്ളിയിരുന്നു.
Content Highlights; bishop franco denies accusitions against him