പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആയുർവേദ സാരികൾ മധ്യപ്രദേശിൽ വിൽപ്പനക്ക് ഒരുങ്ങുന്നു. ആയുർവസ്ത്ര എന്ന പേരിൽ മധ്യപ്രദേശ് കൈത്തറി കരകൌശല കോർപ്പറേഷനാണ് സാരികൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സാരികൾക്ക് ഔഷധ ഗുണമുണ്ടെന്നും പ്രതിരോധശേഷി വർധിപ്പിക്കുമെന്നുമാണ് ഇവരുടെ അവകാശവാദം. വിവിധ ഘട്ടങ്ങളായി നടക്കുന്ന നിർമാണ പ്രക്രിയയിലൂടെ ഔഷധ സസ്യങ്ങളുടെ ഗുണങ്ങൾ സാരിയിൽ ചേർക്കുന്നവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സാരി നിർമ്മാണത്തിനായി കരയാമ്പൂ, ഏലക്ക, ജീരകം, ജാതിക്ക, കറുവപ്പട്ട, കുരുമുളക്, കറുവയില എന്നിവ പൊടിച്ച് 48 മണിക്കൂർ വെള്ളത്തിൽ സൂക്ഷിച്ച്, ഈ വെള്ളം ഫർണസിലേക്ക് മാറ്റി ചൂടാക്കി ലഭിക്കുന്ന നീരാവിയിൽ നിന്നും തുണി നിർമ്മിക്കും. ഈ തുണി ഉപയോഗിച്ചാണ് മാസ്കും സാരിയും നിർമ്മിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. ഈ രീതിക്ക് നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നും ഈ സാരി രോഗാണുക്കളെ തടയുമെന്നും സാരി നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന വസ്ത്ര വ്യാപാരിയായ വിനോദ് മേൽവാർ അവകാശപെടുന്നു.
രണ്ട് മാസത്തോളമെടുത്താണ് ഇതിൻ്റെ നിർമ്മാണത്തിന് അനുയോജ്യമായ ഔഷദകൂട്ട് കണ്ടെത്തിയതെന്നും അഞ്ചോ ആറോ തവണ കഴുകുന്നതു വരെ സാരിയുടെ പ്രതിരോധ ശേഷി നിലനിൽക്കുമെന്നും വിനോദ് വ്യക്തമാക്കി. 3000 രൂപയോളമാണ് സാരിയുടെ വില. ഭോപ്പാലിലും ഇൻഡോറിലുമുള്ള കേന്ദ്രങ്ങളിൽ ഇപ്പോൾ ഈ സാരി ലഭ്യമാണ് വൈകാതെ ഇന്ത്യയിലെ 36 വിൽപ്പന ശാലകളിലേക്ക് കൂടി സാരി എത്തിക്കുമെന്ന് മധ്യപ്രദേശ് കൈത്തറി കരകൌശല കോർപ്പറേഷൻ കമ്മീഷണർ രാജീവ് ശർമ വ്യക്തമാക്കി. അതേസമയം സാരിയുടെ പ്രതിരോധ ശേഷി സംബന്ധമായ അവകാശ വാദങ്ങളൊന്നും ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടില്ല.
Content Highlights; MP: ‘Immunity-boosting’ herbal sarees hit markets amid pandemic