മൗറിഷ്യസ് തീരത്ത് ഡോൾഫിനുകൾ കൂട്ടത്തോടെ ചത്തടിയുന്നു

Oil not found in dead Mauritius dolphins - preliminary autopsy

മൗറിഷ്യസിൽ ജപ്പാനീസ് ഉടമസ്ഥതയിലുള്ള എം വി വക്കാഷിയോ എന്ന കപ്പലിൽ നിന്നുള്ള എണ്ണചോർച്ച നടന്നതിനു സമീപത്തു നിന്നും ഡോൾഫിനുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. 25 ഡോൾഫിനുകളാണ് ഇതുവരെ ചത്ത് കരക്കടിഞ്ഞത്. ഡോൾഫിനുകൾ ചത്തടിയുന്നതു സംബന്ധിച്ച് അന്വോഷണം നടത്തണമെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് മൌറീഷ്യസ് സർക്കാരിനോട് ആവശ്യപെട്ടു.

ഡോൾഫിനുകളുടെ മരണ കാരണം വ്യക്തമല്ല. ചത്ത ഡോൾഫിനുകളുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എണ്ണയുടെ അംശം ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നും, രക്ഷപെട്ട ഒരു ഡോൾഫിൻ വളരെ ക്ഷീണിതനും നീന്താൻ സാധിക്കാത്ത അവസ്ഥയിലുമായിരുന്നെന്നാണ് ഫിഷറീസ് മന്ത്രാലയത്തിലെ ജാസ്വിൻ സോക് അപ്പാട് വ്യക്തമാക്കിയത്. ഡോൾഫിനുകളെ പോസ്റ്റുമാർട്ടം നടത്തുന്നതിനായി ആൽബൺ ഫിഷറീസ് റിസർച്ച് സെന്ററിലേക്ക് മാറ്റി.

പോസ്റ്റുമാർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പരസ്യമായി പുറത്തു വിടണമെന്ന് പ്രാദേശിക മൗറീഷ്യൻ പരിസ്ഥിതി ഗ്രൂപ്പായ ഇക്കോ സുഡിന്റെ വക്താവ് ആവശ്യപ്പെട്ടു. ഇന്ധന ചോർച്ചയെ തുടർന്നുണ്ടായ ആഘാതം കൂടി കൊണ്ടിരിക്കുകയാണെന്നും അത് മൗറീഷ്യസിനെയും വിനോദ സഞ്ചാരത്തെയും ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥയെയും പതിറ്റാണ്ടുകളോളം ബാധിച്ചേക്കാമെന്നുമാണ് വിദഗ്ദർ അഭിപ്രായപെടുന്നത്.

Content Highlights; Oil not found in dead Mauritius dolphins – preliminary autopsy