തിരുവനന്തപുരം: ഓണക്കാലമായതിനാല്‍ പൊതുഗതാഗതത്തിന് ഇളവ് നല്കി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് സാഹചര്യം പരിഗണിച്ച് അയല്‍ ജില്ലകളിലേക്ക് മാത്രമായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകളാണ് നിയന്ത്രണങ്ങള്‍ നീക്കി ദീര്‍ഘദൂര സര്‍വീസ് ആരംഭിച്ചത്. ഇന്ന് രാവിലെ മുതലാണ് സര്‍വീസുകള്‍ ആരംഭിച്ചത്.
കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് വേണം യാത്രകള്‍ നടത്താനെന്ന കര്‍ശന നിര്‍ദ്ദേശം കെഎസ്ആര്‍ടിസി എംഡി നല്‍കിയിട്ടുണ്ട്. വന്‍ തിരക്ക് ഒഴിവാക്കാന്‍ യാത്രക്കാര്‍ക്ക് അനുസരിച്ച് സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. ഓണത്തിരക്ക് പ്രതീക്ഷിക്കുന്ന ഞായറാഴ്ച്ച വരെ പരമാവധി ബസുകള്‍ ഓടിക്കാനാണ് നിര്‍ദ്ദേശം.
സെപ്റ്റംബര്‍ ഒന്ന് വരെ കേരളത്തിലെവിടെയും സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെയാണ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം.
Content Highlight: KSRTC restarts long distance services amid Onam