ഖുർആൻ കത്തിച്ച സംഭവം; സ്വീഡനിൽ കലാപം ആളികത്തുന്നു

Violent riots break out in Sweden’s Malmo after anti-Islam activities: All you need to know

ഖുർആൻ കത്തിച്ച സംഭവത്തെ തുടർന്ന് സ്വീഡനിൽ വൻ പ്രതിഷേധം. തെക്കൻ സ്വീഡനിലുള്ള മാൽമോ പട്ടണത്തിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. പലയിടത്തും പോലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. ഡെന്മാർക്കിലെ തീവ്ര വലതുപക്ഷ പാർട്ടിയുടെ തലവനായ റാസ്മസ് പലൂദാന്, മാൽമോയിൽ ഒരു പരിപാടി നടത്താൻ അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് ഇസ്ലാം വിരുദ്ധ പ്രവർത്തനങ്ങൾ നടന്നതെന്നാണ് വിവരം. ഇയാളെ സ്വീഡന്‍ പൊലീസ് രാജ്യത്ത് നിന്ന് പുറത്താക്കുകയും രണ്ട് വര്‍ഷത്തേക്ക് പ്രവേശനം വിലക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ മുന്നിൽ കണ്ട് ഡാനിഷ് വലതുപക്ഷ നേതാവ് റാസ്മസ് പലൂദാന്‍റെ റാലിക്ക് വെള്ളിയാഴ്ച പൊലീസ് അനുമതി നിഷേധിക്കുകയും, തുടര്‍ന്ന് മല്‍മോയ്ക്ക് അടുത്തു വച്ച് അദ്ദേഹത്തെ കസ്റ്റഡിയിലും എടുക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച ചില വലതുപക്ഷ തീവ്രവാദികള്‍ നഗരത്തില്‍ ഖുര്‍ആന്‍ കത്തിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

റാലി നടത്തിയതിന് നിരവധിയാളുകളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമണം നിയന്ത്രണ വിധേയമായിട്ടില്ലെന്നും സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. ഖുറാൻ കത്തിച്ച സ്ഥലത്തു തന്നെയാണ് പ്രതിഷേധങ്ങളും അരങ്ങേറിയത്. പ്രതിഷേധത്തിന്റെ വീഡിയോ ഉൾപെടെ സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.

Content Highlights; Violent riots break out in Sweden’s Malmo after anti-Islam activities: All you need to know