പിഎം കെയർസ് ഫണ്ടിൽ 3076 കോടി രൂപ വന്നതായി കേന്ദ്ര സർക്കാർ; സംഭാവന നൽകിയവരുടെ പേര് വെളിപ്പെടുത്തണമെന്ന് പി ചിദംബരം

പിഎം കെയർസ് ഫണ്ടിൽ 3076 കോടി രൂപയുടെ ഫണ്ട് വന്നതായി കേന്ദ്ര സർക്കാർ.  ഇതിൽ 3075.85 കോടി രൂപ ഇന്ത്യയിൽ നിന്നുള്ളതും 39.67 ലക്ഷം രൂപ വിദേശത്ത് നിന്നും ലഭിച്ച സംഭാവനയാണ്. 2020 മാർച്ച് 27നാണ് പിഎം കെയർസ് ഫണ്ട് നിലവിൽ വരുന്നത്. അന്നു മുതൽ സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസമായ മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരമാണ് 3076 കോടി രൂപ ഫണ്ടിൽ സംഭാവന എത്തിയത്. 

അതേസമയം സംഭാവന നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം രംഗത്തെത്തി. നിശ്ചിത പരിതിക്ക് മുകളിൽ തുക സംഭാവനയായി സ്വീകരിക്കുന്ന എൻജിഒകളും ട്രസ്റ്റുകളും, സംഭാവന ചെയ്യുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ ബാധ്യസ്ഥരാണ്. സ്വകാര്യ ട്രസ്റ്റെന്ന് പറയുന്ന പിഎം കെയർസ് എന്തുകൊണ്ട്  ഇത് ചെയ്യുന്നില്ലെന്ന് ചിദംബരം ചോദിച്ചു. 

പിഎം കെയർസ് ഫണ്ടിൽ വരുന്ന സംഭാവനകൾ സംബന്ധിച്ച വിവരങ്ങൾ  ആവശ്യപ്പെട്ടുകൊണ്ട് എൻഡി ടിവി നൽകിയ വിവരാവകാശ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയിരുന്നു. പിഎം കെയർസ് ഫണ്ട് പൊതു അധികാര പരിതിയിൽ വരുന്നതല്ലെന്നാണ് പിഎംഒ മറുപടി നൽകിയത്. പിഎം കെയർസ് ട്രസ്റ്റ് പൊതു സ്ഥാപനമല്ലെന്നും ഇതിനാൽ സിഎജി ഓഡിറ്റിംഗ് സാധ്യമല്ലെന്നുമാണ് കേന്ദ്രസർക്കാരിൻ്റെ വാദം. 

content highlights: PM-CARES Got ₹ 3,076 Crore In 5 Days; P Chidambaram Says, Name Donors