ഭീഷണി അവഗണിച്ച് തിരിച്ചെത്തുമെന്ന് കങ്കണ; തിന്നുന്ന പാത്രത്തിൽ തുപ്പുന്ന താരം പാക് അധീന കാശ്മീരിലേക്ക് പോകുന്നതാണ് നല്ലതെന്ന് സഞ്ജയ് റാവുത്ത്

Kangana Ranaut vs Maharashtra Government Over

ഭീഷണികൾ അവഗണിച്ച് സെപ്റ്റംബർ ഒമ്പതിന് മുംബൈയിൽ തിരിച്ചെത്തുമെന്ന് അറിയിച്ച നടി കങ്കണ റണാവത്തിനോട് തിന്നുന്ന പാത്രത്തിൽ തുപ്പുന്ന താരം പാക് അധീന കാശ്മീരിലേക്ക് പോകുന്നതാണ് നല്ലതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മുംബൈ പോലീസിനെ ചൊല്ലി ശിവസേനാ നേതാവ് സഞ്ജയ് റാവത്തുമായി വാക്പോര് തുടരുന്നതിനിടെയാണ് താരം അവഗണനകളെ തള്ളി മുംബൈയിൽ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. മുംബൈ പോലീസിൽ വിശ്വാസമില്ലെങ്കിൽ കങ്കണ മുബൈയിലേക്ക് തിരികെ വരേണ്ട എന്ന സഞ്ജയ് റാവത്തിന്റെ പ്രസ്താവനയെ പരസ്യ ഭീഷണിയായി ചിത്രീകരിച്ചു കൊണ്ടായിരുന്നു അവരുടെ പ്രതികരണം.

മുംബൈയിലേക്ക് തിരികെ വരരുതെന്ന് പലരും ഭീഷണിപെടുത്തുന്നുണ്ടെന്നും അതുകൊണ്ട് സെപ്റ്റംബർ ഒമ്പതിന് തന്നെ മുംബൈയിലേക്ക് പോകാൻ തീരുമാനിച്ചതായും ധൈര്യമുള്ളവർ അവിടെ തടയാൻ വരട്ടേ എന്നും ട്വിറ്റർ സന്ദേശത്തിൽ കങ്കണ വ്യക്തമാക്കി. മുംബൈ നഗരം പാക് അധീന കാശ്മീരിന് സമാനമായി തോന്നുന്നുവെന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തെ താലിബാനുമായി താരതമ്യപെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കങ്കണയ്ക്കെതിരെ വിമർശനങ്ങളുമായി ശിവസേന നേതാക്കൾ രംഗത്തെത്തിയത്.

സഞ്ജയ് റാവത്തിന്റെ വാക്കുകള്‍;

തിന്നുന്ന പാത്രത്തില്‍ തുപ്പുകയാണവര്‍. അവരുടെ മനോനില ശരിയല്ല. മുംബൈയിലേക്കു വരുന്നതിനു പകരം അവര്‍ പാക് അധീന കാശ്മീരിലേക്ക് പോയ്‌ക്കോട്ടെ. രണ്ടു ദിവസം പാക് അധീന കശ്മീരില്‍ പോയി താമസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കങ്കണയെ സഹായിക്കണം. സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അതിനുള്ള ചെലവു വഹിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.

നിങ്ങള്‍ താമസിക്കുന്ന, നിങ്ങള്‍ക്ക് പേരും പ്രശസ്തിയും തന്ന നഗരത്തെയാണ് നിങ്ങള്‍ അവഹേളിക്കുന്നത്. ആ നഗരത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ജീവന്‍ ബലികഴിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പോലീസുകാരെയാണ് അപമാനിക്കുന്നത്. ഇത്തരം ഭാഷയില്‍ ആരും സംസാരിക്കാന്‍ പാടില്ല

Content Highlights; Kangana Ranaut vs Maharashtra Government Over “Mumbai-PoK” Remark