കൊച്ചി മെട്രോ നാളെ മുതല്‍; നിരക്കുകളില്‍ വന്‍ ഇളവ്

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങള്‍ അണ്‍ലോക്ക് നാലാം ഘട്ടത്തിലേക്ക് കടന്നതോടെ രാജ്യത്ത് മെട്രോ സര്‍വീസുകള്‍ക്കും ഇളവ്. അഞ്ച് മാസത്തിലേറെയായി നിര്‍ത്തി വെച്ചിരുന്ന കൊച്ചി മെട്രോ റെയില്‍ സര്‍വീസും നാളെ മുതല്‍ ആരംഭിക്കും. ഇതോടൊപ്പം തന്നെ തൈക്കുടം- പേട്ട പുതിയ സര്‍വീസിനും മെട്രോ തയാറെടുക്കുകയാണ്.

തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ റൂട്ടിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. സര്‍വീസ് പുനഃരാരംഭിക്കുന്ന ഘട്ടത്തില്‍ യാത്രാ നിരക്കില്‍ വന്‍ ഇളവാണ് മെട്രോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്താനും വേണ്ട ക്രമീകരണങ്ങള്‍ കൊച്ചി മെട്രോ പൂര്‍ത്തിയാക്കിയതായാണ് വിവരം.

സെപ്റ്റംബര്‍ 7, 8 തീയതികളില്‍ രാവിലെ 7 മണി മുതല്‍ രാത്രി 8 മണി വരെ 10 മിനിറ്റ് ഇടവിട്ടാണ് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാവുക. ഈ രണ്ട് ദിവസങ്ങളിലും ഉച്ചയ്ക്ക് 1 മണി മുതല്‍ 2 മണി വരെ സര്‍വീസ് ഉണ്ടായിരിക്കുന്നതല്ല. ഒമ്പതാം തീയതി മുതല്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പത്തു മിനിറ്റ് ഇടവേളയിലാണ് സര്‍വ്വീസ് നടത്തുക. ഉച്ചയ്ക്ക് 12 മുതല്‍ 2 മണി വരെ ഇരുപത് മിനിറ്റ് ഇടവേളകളിലായിരിക്കും മെട്രോ ഓടുക. ഞായറാഴ്ചകളില്‍ രാവിലെ എട്ടു മുതലാണ് സര്‍വീസ് തുടങ്ങുന്നത്. അവസാന ട്രിപ്പ് രാത്രി ഒമ്പത് മണിക്ക് പുറപ്പെടുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

യാത്രാ നിരക്കിലും മെട്രോ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവ മുതല്‍ പേട്ട വരെയുള്ള യാത്രാ നിരക്ക് 60 രൂപയില്‍ നിന്നും 50 രൂപയാക്കിയാണ് കുറച്ചത്. ആറു സ്ലാബുകള്‍ നാലായാണ് പുനര്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്. പുതിയ സ്ലാബ് അനുസരിച്ച് 10, 20, 30, 50 എന്നിങ്ങനെയാണ് യാത്രാ നിരക്ക്. നേരത്തേയിത് 10, 20, 30, 40, 50, 60 എന്നിങ്ങനെയായിരുന്നു. പുതിയ നിരക്ക് പ്രകാരം ആദ്യ രണ്ട് സ്റ്റോപ്പുകള്‍ക്ക് (ആലുവ, പുളിഞ്ചോട് ), പത്ത് രൂപയും അഞ്ച് സ്റ്റോപ്പ് വരെ (ആലുവ -മുട്ടം) ഇരുപത് രൂപയും 12 സ്റ്റോപ്പുകള്‍ക്ക് (ആലുവ – കലൂര്‍ സ്റ്റേഡിയം) 30 രൂപയും 12 സ്റ്റോപ്പിന് മുകളില്‍ പേട്ട വരെ 50 രൂപയുമായാണ് യാത്രാ നിരക്ക് കുറയുന്നത്.

Content Highlight: Kochi Metro Service restarted from tomorrow