വിവാദ കാർഷിക ഓർഡിനൻസിനെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം കനക്കുന്നു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കർഷകർ സമരത്തിലാണ്. കഴിഞ്ഞ ജൂൺ അഞ്ചു മുതൽ കാർഷിക ഓർഡിനൻസിനെതിരെ ഹരിയാനയിലെയും പഞ്ചാബിലെയും കർഷകർ സമരത്തിലാണ്. മൂന്ന് ഓർഡിനൻസുകളിൽ ഒന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ പാസ്സാക്കിയതോടെ സമരം കൂടുതൽ ശക്തമാകുകയാണ്.
വിവിധ പ്രതിപക്ഷ പാർട്ടികൾ ഓർഡിനൻസിനെതിരെ രംഗത്ത് വന്നെങ്കിലും സമരത്തിന് ഇപ്പോഴും കൃത്യമായ നേതൃത്വമില്ല. 24 മുതൽ പഞ്ചാബിൽ ട്രെയിൻ തടയുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സമരം ശക്തമാകുകയാണ്. കർഷക രോക്ഷം തണുപ്പിക്കുന്നതിനു വേണ്ടിയാണ് അകാലിദൾ മന്ത്രി ഹർസിമ്രത് കൌർ കേന്ദ്ര മന്ത്രിസഭയിൽ നിന്നും രാജി വെച്ചത്. സമാനമായ ആവശ്യമാണ് ഹരിയാന ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൌട്ടാലയും നേരിടുന്നത്.
പാർട്ടിയിലെ പത്ത് എംഎൽഎമാരിൽ രണ്ട് പേരാണ് ഇക്കാര്യം ആവശ്യപെട്ടു കൊണ്ട് രംഗത്തെത്തിയിട്ടുള്ളത്. കർഷകർക്കിടയിലെ സ്വാധീനമുള്ള പാർട്ടി എന്ന നിലയിൽ ജെ ജെപിക്ക് പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ല. കർഷക സമരം അടിച്ചമർത്തുകയാണ് ഹരിയാനയിലെ ലാൽ മനോഹർ ഖട്ടാർ സർക്കാർ. ഇത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മൂന്ന് ഓർഡിനൻസുകളും നിലവിൽ വന്നിരിക്കുന്നത്.
- അവശ്യ വസ്തു നിയമത്തിൽ ഭക്ഷ്യ വസ്തുക്കൾ സംഭരിച്ചു വെക്കുന്നതിൽ നിലവിലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുക
- കാർഷികോൽപ്പന്ന വിപണന സമിതികൾക്ക് ഉണ്ടായിരുന്ന കുത്തക അവസാനിപ്പിക്കുക. ഇതുവഴി ആർക്കും കാർഷിക ഉത്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്നതാണ്.
- വൻകിട കമ്പനികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കരാർകൃഷിക്ക് നിയമ സാധുത നൽകുക. ഇതുവഴി വിശാലമായ കൃഷിയിടങ്ങൾ കമ്പനികൾക്ക് സ്വന്തമാക്കാൻ സാധിക്കും.
Content Highlights; Why farm sector reform bills are angering farmers: All you need to know