‘നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്നാണ് താന്‍ കരുതിയത്’ വിവാദമായി കട്ജുവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം

ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്നാണ് താന്‍ കരുതിയതെന്ന കട്ജുവിന്റെ പ്രതികരണമാണ് വിവാദത്തിലായത്. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നേരത്തെയും വിമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് മാര്‍ക്കണ്ഡേയ കട്ജു.

ഫെയ്‌സ്ബുക്കില്‍ കട്ജു ഇട്ട പോസ്റ്റിന് താഴെ കമന്റുമായെത്തിയ യുവതിയോടാണ് നല്ല പെണ്‍കുട്ടികള്‍ നേരത്തെ ഉറങ്ങുമെന്നാണ് താന്‍ കരുതിയതെന്ന മറുപടി നല്‍കിയത്. കട്ജുവിന്റെ പരാമര്‍ശം ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി.

2015ല്‍ ബി.ജെ.പി.എംപി ഷാസിയ ഇല്‍മിയാണോ കിരണ്‍ ബേദിയാണോ കൂടുതല്‍ സുന്ദരിയെന്ന കട്ജുവിന്റെ ചോദ്യം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഒരു വൃദ്ധന് സുന്ദരിയായ സ്ത്രീയെ പുകഴ്ത്താന്‍ സാധിക്കില്ലേ എന്ന മറുചോദ്യവുമായാണ് തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ അന്ന് കട്ജു പ്രതിരോധിച്ചത്.

Content Highlight: ‘Good Girls Sleep Early’: Former Judge Markandey Katju Faces Flak Once Again for Sexist Comments