ലോകത്തിലെ എറ്റവും വലിയ കണ്ടൽ വനമായ സുന്ദർബൻ വംശനാശ ഭീഷണി നേരിടുന്നുവെന്ന് ആഗോള ഗവേഷക സംഘം. ഇൻ്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചരിൻ്റെ (IUCN) റെഡ് ലിസ്റ്റ് പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകരുടെ നിഗമനം. ആസ്ട്രേലിയ, സിംഗപ്പൂർ, ഇംഗ്ലണ്ട് എന്നിവടങ്ങളിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. വംശനാശ ഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളുടേയും ആവാസ വ്യവസ്ഥകളുടേയും വിവരങ്ങളാണ് ഇൻ്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചരിൻ്റെ റെഡ് ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തുക.
1800കൾ മുതലുള്ള കണ്ടൽ കാടുകൾ നികത്തലും മത്സ്യ സമ്പത്ത് കുറഞ്ഞു വരുന്നതും വംശനാശം സംഭവിക്കാനുള്ള ഭീഷണിയായി നിലനിൽക്കുകയാണെന്ന് ഗവേഷകർ പറയുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനവും ജലത്തിലെ ഓക്സിജൻ്റെ അളവ് കുറയുന്നതും കണ്ടൽ വനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഒരോ വർഷവും 200 മീറ്ററോളം വനം നശിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. കൃഷി, മത്സ്യ കൃഷി, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, വനശീകരണം, വേട്ടയാടൽ, ഡാം നിർമ്മാണം, തേൻ ശേഖരണം, കടുവകളെ വേട്ടയാടൽ തുടങ്ങിയവയൊക്കെ കണ്ടൽ കാടുകൾക്ക് പ്രധാന ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
content highlights: Sundarbans an ‘Endangered’ Ecosystem Under IUCN Red List, Researchers Say