രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴികൾ തേടി കേന്ദ്ര സർക്കാർ. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 25 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ അനുമതി തേടുന്നു. രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ എൽഐസിയുടെ ഓഹരി വിൽപ്പനയ്ക്ക് നിയമ ഭേദഗതി ആവശ്യമാണ്. അതിനുള്ള നടപടികൾക്ക് മോദി സർക്കാർ നീക്കം ആരംഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ പബ്ലിക് ഇഷ്യുവിന്റെ സമയം ഓഹരി വിപണിയുടെ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് മാത്രമേ നിശ്ചയിക്കാൻ സാധിക്കുകയുള്ളു.
25% ശതമാനം വിൽക്കാൻ അനുമതി തേടിയാലും ഘട്ടം ഘട്ടമായിട്ടായിരിക്കും ഓഹരി വിൽപ്പന എന്നാണ് റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ കൊവിഡ് സൃഷ്ടിച്ച ദുരിതങ്ങൾ കൂടിയായപ്പോൾ പണം കണ്ടെത്തുന്നതിനായി നാളുകൾ കൊണ്ട് കെട്ടിപ്പടുത്ത മികച്ച പൊതു മേഖലാ സ്ഥാപനങ്ങൾ ഉപയോഗപെടുത്തുകയാണ് മോദി സർക്കാർ. എൽഐസിയുടെ ഓഹരി വിൽപ്പനയിലൂടെ നിക്ഷേപ സമാഹരണം നടത്തുമെന്ന് കഴിഞ്ഞ ബജറ്റിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ പത്തോ പതിനഞ്ചോ ശതമാനം മാത്രം ഓഹരി വിറ്റഴിച്ചാൽ തന്നെ ആവശ്യത്തിനു വിഭവ സമാഹരണം സാധ്യമാകുമെന്നായിരുന്നു അന്ന് ബന്ധപെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ കൊവിഡ് പ്രതിസന്ധി കൂടിയായപ്പോൾ കൂടുതൽ തുക ആവശ്യമായി വരുന്നതോടെയാണ് 25% ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights; Govt is said to consider selling 25% stake in LIC in phases


