സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ല; തിയേറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബർ

Kerala film chamber says theatres will not open from October 15

സംസ്ഥാന സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ തിയേറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബർ. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്ടി ഇളവ് അനുവദിക്കണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നും ഫിലിം ചേംബർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ആവശ്യങ്ങൾ നിരാകരിച്ചെന്ന് ഫിലിം ചെംബർ അറിയിച്ചു. 

ആവശ്യങ്ങൾ അറിയിച്ചുകൊണ്ട് പലതവണ സർക്കാരിനെ സമീപിച്ചിട്ടും അനുകൂല നടപടികൾ ഉണ്ടായിട്ടില്ലെന്നും ഫിംലിം ചേംബർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് തിയേറ്ററുകൾ തുറക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചതെന്നും കേരള ഫിലിം ചേംബർ വ്യക്തമാക്കി. വിഷയത്തിൽ മറ്റ് സംഘടനകളുടെ പിൻതുണ തേടുമെന്നും അറിയിച്ചു.

കൊവിഡ് ലോക്ക് ഡൌണിനെ തുടർന്ന് അടച്ച തിയേറ്ററുകൾ ഒക്ടോബർ 15 മുതൽ മാനദണ്ഡങ്ങൾ അനുസരിച്ച് തുറന്ന് പ്രവർത്തിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിക്കാത്ത പശ്ചാത്തലത്തിൽ ഈ ഇളവിൽ തിയേറ്ററുകൾ തുറക്കേണ്ടതില്ലെന്ന് ഫിലിം ചേംബർ തീരുമാനിക്കുകയായിരുന്നു.

content highlights: Kerala film chamber says theatres will not open from October 15