തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡോക്ടര്‍മാരുടെ സമരം. അമ്പതോളം പേരാണ് സമരത്തില്‍ പങ്കെടുത്തത്.

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും നിരോധനാജ്ഞ ലംഘനത്തിന്റെ പേരിലുമാണ് സമരക്കാര്‍ക്കെതിരെ കേസെടുത്തത്. ഇന്നു മുതലാണ് ഡോക്ടര്‍മാരുടെ സംഘടന റിലെ നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യ മന്ത്രിയുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി സംഘടന രംഗത്തിറങ്ങിയത്. കൂടാതെ നഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനവും ആചരിക്കുന്നുണ്ട്.

രണ്ട് ഹെഡ് നഴ്‌സുമാരെയും കൊവിഡ് നോഡല്‍ ഓഫീസറെയുമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. രോഗിയുടെ നില മെച്ചപ്പെട്ട് വരികയാണ്.

Content Highlight: Case against Doctors of Thiruvananthapuram Medical College on Violation of ban