ഉദ്ഘാടനം ചെയ്ത് 72 മണിക്കൂറിനുള്ളിൽ ഹിമാചൽ പ്രദേശിലെ അടൽതുരങ്കപാതയിൽ സംഭവിച്ചത് മൂന്ന് അപകടങ്ങൾ. ഒക്ടോബർ മൂന്നിനായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി തുരങ്കപാതയുടെ ഉദ്ഘാടനം നിർവഹിച്ചത്. മണാലിക്ക് സമീപമുള്ള സൊലാങ് താഴ്വരയെ ലഹൌൽ സ്പിതി ജില്ലയിലെ സിസ്സുവുമായി ബന്ധിപ്പിക്കുന്നതാണ് 9.02 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം. പുതുമോടി കണ്ട് തുരങ്കം കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. അതിനൊടൊപ്പം അപകടങ്ങളും വർധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഒരു ദിവസം തന്നെയാണ് മൂന്ന് അപകടങ്ങളും നടന്നതെന്നും ഇവ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും ബിആർഒ ചീഫ് എൻജിനിയർ ബ്രിഗേഡിയർ കെ പി പുരുഷത്തമൻ പറഞ്ഞു. തുരങ്കം തുറന്നതിനു ശേഷം അശ്രദ്ധമായ ഡ്രൈവിംഗ്, ട്രാഫിക് നിയമ ലംഘനം, എന്നിവ കൂടി വരുന്നതായി ഔട്ട്ലുക്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അടൽ തുരങ്കം ഹിമാചൽ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയുട്ടുള്ളതു കൊണ്ട് ഈ കൊവിഡ് കാലത്തും നിരവധി സഞ്ചാരികളാണെത്തുന്നത്. അമിത വേഗത്തിലാണ് ബൈക്ക് യാത്രക്കാർ വാഹനമോടിക്കുന്നതെന്നും ഇത് അപകടത്തിന് വഴിവെക്കുന്നതായും ബോർഡർ റോഡ്സ് ഓർഗനൈസേഷനും ജില്ലാ ഭരണാധികാരികളും വ്യക്തമാക്കിയിട്ടുണ്ട്.
ട്രാഫിക് നിയമങ്ങളോടുള്ള തികഞ്ഞ അവഗണനയാണ് യാത്രക്കാരിൽ കാണുന്നതെന്നും ചിലർ ബൈക്കോടിക്കുന്ന സമയം സെൽഫിയെടുക്കുന്നുവെന്നും കെ പി പുരുഷോത്തമൻ വ്യക്തമാക്കി. തുരങ്ക പാതക്കുള്ളിൽ വാഹനങ്ങൾ നിർത്താൻ ആർക്കും അനുമതിയില്ലെന്നും അദ്ധേഹം പറഞ്ഞു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ തുരങ്കത്തിനുള്ളിലെ അപകടകരമായ വാഹനമോടിക്കൽ തടയാൻ ഉദ്ഘാടനവുമായി ബന്ധപെട്ട ചടങ്ങുകൾ പൂർത്തിയായതിനു ശേഷം തുരങ്കപാതക്കുള്ളിൽ ട്രാഫിക് പോലീസിനെ വിന്യസിക്കണമെന്ന് അഭ്യർത്ഥിച്ചതായും പുരുഷോത്തമൻ കൂട്ടിച്ചേർത്തു.
Content Highlights; Three accidents in atal rohtang tunnel just after 72 hours after inauguration