ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതിക്ക് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. 42-ാമത് മോസ്കോ ഫിലിം ഫെസ്റ്റിവലിൽ ബ്രിക്സ് മത്സര വിഭാഗത്തിൽ കനി കുസൃതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തെ ഏറ്റവും മികച്ച 15 ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ മോസ്കോ ഫിലിം ഫെസ്റ്റിവെലിൽ ഇതാദ്യമായാണ് മലയാള സിനിമയ്ക്ക് അവാർഡ് ലഭിക്കുന്നത്. നേരത്തെ സ്പെയിൻ ഇമാജിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ കനിക്ക് രണ്ടാമത്തെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.
ബ്രിക്സ് വിഭാഗത്തിൽ മത്സരിച്ച രണ്ട് ഇന്ത്യൻ സിനിമകളിൽ ഒന്നായിരുന്നു സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി. മികച്ച നടൻ, നടി, സിനിമ, സംവിധാനം, ജൂറി പ്രെെസ് എന്നീ അവാർഡുകളാണ് ജൂറി പ്രഖ്യാപിച്ചത്. റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിച്ച ചിത്രം മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടിയിരുന്നു. ബാഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, സ്പെയിനിലെ ഇമാജിൻ അന്താരാഷ്ട്ര ഫിലം ഫെസ്റ്റിവലിൽ കനി കുസൃതിക്ക് മികച്ച നടിക്കുള്ള അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം, തുടങ്ങിയ അംഗീകാരങ്ങൾ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങിയ വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
content highlights: Kani Kusruthi won the best actress award in the Moscow film festival for the movie Biriyani