തിരുവനന്തപുരം: കേന്ദ്രമന്ത്രി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘനത്തില്‍ വിദേശകാര്യ വകുപ്പില്‍ നിന്നും വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. യുഎഇയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോനെ പങ്കെടുപ്പിച്ച സംഭവത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയത്. പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
2019 നവംബറില്‍ അബുദാബിയില്‍ വെച്ചു നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ വി. മുരളീധരന്റെ അനുമതിയോടെയാണ് പങ്കെടുത്തതെന്ന് സ്മിത വെളിപ്പെടുത്തിയിരുന്നു. ആദ്യം സ്മിതയുടെ വാക്കുകള്‍ നിരസിച്ച മുരളീധരന്‍ പിന്നീട് തിരുത്തി രംഗത്ത് വരികയായിരുന്നു.
എന്നാല്‍ പി ആര്‍ ഏജന്‍സിയുടെ ഭാഗമായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു സ്മിത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആര്‍ക്ക് വേണമെങ്കിലും സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും, സ്മിത സ്റ്റേജിലല്ല ഇരുന്നതെന്നും വി മുരളീധരനും വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന ബിജെപി നേതാക്കള്‍ പോലും അറിയാതെ സ്മിത മേനോന്‍ മഹിളാ മോര്‍ച്ചയുടെ പ്രധാന സ്ഥാനത്ത് എങ്ങനെയെത്തിയെന്ന ചോദ്യവും ഉയരുന്നുണ്ട്.
പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെതിരേ ബി.ജെ.പി സമരവുമായി രംഗത്ത് വരുമ്പോള്‍ തന്നെയാണ് പാര്‍ട്ടിയിലെ ഒരു മന്ത്രി തന്നെ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പരാതി ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
Content Highlight: V Muraleedharan’s protocol violation: PM’s office seeks explanation