ജില്ലാ ഭരണകൂടം തടഞ്ഞു വെച്ചിരിക്കുകയാണെന്ന് കാട്ടി ഹത്രാസ് പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. വീട്ടിൽ നിന്നും ഗ്രാമത്തിൽ നിന്നും പുറത്തിറങ്ങാനാകുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന്റേയും കേസിലെ സാക്ഷികളുടേയും സുരക്ഷ സംബന്ധിച്ച് സുപ്രിംകോടതിയെ അറിയിക്കും മുമ്പായി യുപി സർക്കാർ സുരക്ഷ ഇരട്ടിയാക്കിയരുന്നു. ഗ്രാമത്തിൽ മൂന്ന് തട്ട് സുരക്ഷയും സ്ഥിതി പരിശോധിക്കുന്നതിന് ഉന്നത പോലീസുകാരെയും നിയമിച്ചു.
പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷക്കായി വനിത പോലീസുകാരെയടക്കം കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിയമ വിരുദ്ധ തടങ്കലിൽ നിന്നും മോചിപ്പിക്കണമെന്നാവശ്യപെട്ട് കുടുംബം അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. അഖില ഭാരതീയ വാല്മീകി മഹാ പഞ്ചായത്ത് സെക്രട്ടറിയെന്ന് വ്യക്തമാക്കി സുരേന്ദ്ര കുമാറാണ് ഹർജി സമർപ്പിച്ചത്.
ഇതിനിടെയാണ് കേസിൽ നിരപരാധികളെന്ന് ഉന്നയിച്ച് കേസിലെ നാല് പ്രതികളും ജയിൽ സൂപ്രണ്ടിനും അന്വേഷണ ഏജൻസിക്കും കത്ത് നൽകി. പെൺകുട്ടിയുമായി സൌഹൃദമുണ്ടായിരുന്നുവെന്ന് പ്രതിയായ സന്ദീപ് കത്തിൽ വെളിപെടുത്തി. പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികൾ കുടുംബമാണെന്നും പ്രതികൾ ആരോപിച്ചു. കുടുംബത്തിന് സന്ദീപുമായി പരിചയമുണ്ടെന്ന് പെൺകുട്ടിയുടെ സഹോദരന്റെ പേരിലുള്ള സിമ്മിൽ നിന്നും പോയ കോളുകൾ ചൂണ്ടിക്കാട്ടി പോലീസും വ്യക്തമാക്കിയിരുന്നു. എന്നാൽ പെൺകുട്ടിയെ അപകീർത്തിപെടുത്തുന്ന വിശദീകരണങ്ങൾ നൽകാതെ നീതി ലഭ്യമാക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപെട്ടു.
Content Highlights; the family of the hathrasgirl approached the alhabad high court