പശ്ചിമ ബംഗാൾ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. സംസ്ഥാനത്തെ ക്രമസമാധാനില തകരാറിലാണെന്ന് ആരോപിച്ചാണ് ഹൌറയിൽ നിന്നും കൊൽക്കത്തയിൽ നിന്നുമുള്ള നൂറു കണക്കിന് പ്രതിഷേധക്കാരാണ് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് എത്തിയത്. പ്രവർത്തകരെ പിരിച്ചു വിടുന്നതിനായി പോലീസ് ഇവർക്കു നേരെ ലാത്തിച്ചാർജും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
തങ്ങളുടെ പാർട്ടി പ്രവർത്തകർ കൊല്ലപെടുന്നതിൽ പ്രതിഷേധിച്ച് ‘നബന്ന ചലോ’ എന്ന സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടിക്ക് ബിജെപി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രതിഷേധക്കാർ അണിനിരന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ രാജു ബാനർജി, എംപി ജ്യോതിർമയി സിങ് മഹാതോ തുടങ്ങി നിരവധി നേതാക്കൾക്ക് പോലീസ് നടപടിയിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.
ബംഗാൾ പോലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഹൌറയിൽ ബിജെപി പ്രവർത്തകർ ടയറുകൾക്ക് തീയിട്ടു. മുൻപ് ബിജെപി യുവജന സംഘടനയുടെ മാർച്ച് ടു നബന്ന യ്ക്ക് പശ്ചിമ ബംഗാൾ അനുമതി നിഷേധിച്ചിരുന്നു. കൊവിഡ് വ്യാപനം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു സർക്കാർ അനുമതി നിഷേധിച്ചത്.
Content Highlights; bjp holds march to west bengal secretariat