മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കാർട്ടൻ ചാപ്മാൻ (49) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ത്യകണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ കാൾട്ടൻ 1991 മുതൽ 2001 വരെ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനും ജെ.സി.ടി.ക്കും വേണ്ടി കളിച്ചിട്ടുണ്ട്.
നിലവിൽ കോഴിക്കോട് ആസ്ഥാനമായ ക്വാർട്സ് എഫ്.സിയുടെ മുഖ്യപരിശീലകനായിരുന്നു അദ്ദേഹം. മിഡ് ഫീൽഡ് മാസ്ട്രോ എന്ന പേരിൽ പ്രസിദ്ധനായ ചാപ്മാൻ അക്കാലത്ത് ഇന്ത്യൻ മധ്യനിരയിലെ കരുത്തനായ താരമായിരുന്നു. ഐ.എം വിജയനും ജോപോൾ അഞ്ചേരിയും രാമൻ വിജയനുമൊക്കെ കളിച്ച എഫ്.സി കൊച്ചിൻ്റെ മധ്യനിര നിയന്ത്രിച്ചിരുന്നത് കർണാടകക്കാരനായ ചാപ്മാൻ ആയിരുന്നു. കളി നിർത്തിയതിന് ശേഷം പരിശീലകനായി. കാർട്ടൻ ചാപ്മാൻ്റെ മരണം വലിയ നഷ്ടമാണെന്ന് ഐ. എം വിജയൻ പ്രതികരിച്ചു.
1980 കളുടെ മധ്യത്തോടെ ബംഗളൂരു സായി സെൻ്ററിലൂടെയാണ് ചാപ്മാൻ തൻ്റെ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. തുടർന്ന് ബംഗളൂരു ക്ലബായ സതേൺ ബ്ലൂസിനായി കളിയാരംഭിച്ചു. 1990ൽ ടാറ്റാ ഫുട്ബോൾ അക്കാദമിയിലേക്കും 1993 ശേഷം കൊൽക്കത്ത ഈസ്റ്റ് ബംഗാളിലേക്കും മാറി. പിന്നീട് ജെ.സി.ടിയിലേക്ക് മാറിയ താരം ക്ലബിനൊപ്പം 14 ടൂർണമെൻ്റുകളാണ് വിജയിച്ചത്.
content highlights: former Indian football team captain Carlton Chapman passes away