ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യൂതൻ നമ്പൂതിരി ( 94) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019ലെ ജ്ഞാനപീഠ പുരസ്കാരം അക്കിത്തത്തിനായിരുന്നു. മനുഷ്യ സ്റ്റേഹത്തിൻ്റെ കവിതകളെഴുതിയ അക്കിത്തം ദേശീയ പ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, ലേഖനസമാഹാരം, വിവർത്തനം, എന്നിവ ഉൾപ്പെടെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ട്. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്കാരം, വയലാർ അവാർഡ് ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ സമ്പൂതിരിയുടേയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിൻ്റേയും മകനായി 1926 മാർച്ച് 18 നു പാലക്കാട് ജില്ലയിലെ കുമാരനല്ലൂരായിരുന്നു അക്കിത്തത്തിൻ്റെ ജനനം. ചിത്രകാരൻ അക്കിത്തം നാരായണൻ അദ്ദേഹത്തിൻ്റെ സഹോദരനാണ്. മകൻ അക്കിത്തം വാസുദേവനും ചിത്രകാരനാണ്.
ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം, വെണ്ണക്കല്ലിൻ്റെ കഥ, ബലിദര്‍ശനം, പണ്ടത്തെ മേല്‍ശാന്തി (കവിത), മനസാക്ഷിയുടെ പൂക്കള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ ( കുട്ടിക്കവിതകൾ) ഭാഗവതം (വിവര്‍ത്തനം, മൂന്നു വാല്യങ്ങള്‍), ഇടിഞ്ഞു പൊളിഞ്ഞ ലോകം (1983), അമൃതഗാഥിക (1985), അക്കിത്തത്തിൻ്റെ തിരഞ്ഞെടുത്ത കവിതകള്‍ (1986), കളിക്കൊട്ടിലില്‍ (1990) അക്കിത്തം കവിതകള്‍: സമ്പൂര്‍ണ്ണ സമാഹാരം, സമത്വത്തിൻ്റെ ആകാശം, കരതലാമലകം, വിദ്യാർത്ഥിമിത്രം, മാനസപൂജ, ആലഞ്ഞാട്ടമ്മ, മധുവിധുവിന് ശേഷം, സ്പർശമണികൾ, അഞ്ചു നാടോടിപ്പാട്ടുകൾ, ഉപന്യാസങ്ങൾ, ഉപനയനം, സമാവർത്തനം എന്നിവയാണ് പ്രധാന രചനകൾ.
content highlights: Akkitham Achuthan Namboothiri passed away