മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതോടെ നിരവധി അഴിമതി കേസുകളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രി ഓഫീസ് ആണെന്ന് മനസ്സിലായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും രാജി വെക്കാൻ തയ്യാറാകണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ശിവശങ്കർ ഒരു രോഗ ലക്ഷണം മാത്രമാണെന്നും രോഗം മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.
സ്പ്രിംഗ്ളർ മുതലുള്ള കാര്യങ്ങൾ പ്രതിപക്ഷം പറഞ്ഞപ്പോൾ തങ്ങളെ പരിഹസിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ശിവശങ്കർ ചെയ്തു കൂട്ടിയ അഴിമതികൾ ഇനിയും ഒരോന്നായി പുറത്തു വരാനുണ്ട്. ഇതിൽ ഒന്നാം പ്രതി കേരള മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശം നഷ്ടമായിരിക്കുകയാണെന്നും, നാല് വർഷക്കാലം പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ അറസ്റ്റിലായതോടെ ഒരോ അഴിമതിയുടേയും പ്രഭവ കേന്ദ്രം എവിടെയാണെന്ന് ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരള ജനതയുടെ മുന്നിൽ ഒരു ന്യായീകരണവും ഇനി മുഖ്യമന്ത്രിക്ക് പറയാനില്ല. ശിവശങ്കറെ തുടക്കം മുതലേ ന്യായീകരിച്ചത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. ഇനിയും നാണം കെട്ട് അധികാരത്തിൽ പിടിച്ചു തൂങ്ങാതെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് നിയമത്തിന് കീഴടങ്ങണം. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും അപമാനിതനായ മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നും രമേഷ് ചെന്നിത്തല പറഞ്ഞു.
Content Highlights; Ramesh Chennithala slams CM Pinarayi Vijayan