മലിനജലം ഒഴുകുന്നതിനെ ചൊല്ലി തർക്കം; അയൽവാസി യുവതിയെ കുത്തികൊന്നു

Woman stabbed to death in Kollam

മലിനജലം ഒഴുകുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കൊല്ലത്ത് അയൽവാസി യുവതിയെ കുത്തികൊലപ്പെടുത്തി. ഉളിയക്കോവിൽ സ്വദേശിനി അഭിരാമിയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു. അയൽവാസിയായ ഉമേഷ് ബാബുവാണ് അഭിരാമിയെ കുത്തിയത്. യുവതിയുടെ അമ്മ ലീനയ്ക്കും കുത്തേറ്റു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മലിനജലം ഒഴുകുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ വീട്ടുകാരും ഉമേഷ് ബാബുവിൻ്റെ വീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഉമേഷിൻ്റെ വീട്ടിൽ നിന്നും മലിനജലം ഒഴുക്കിവിടുന്ന പതിവുണ്ടായിരുന്നു. ഇതിൻ്റെ പേരിൽ ഇരുകൂട്ടരും തമ്മിൽ നിരന്തരം തർക്കത്തിലായിരുന്നു.

സംഭവത്തിൽ അഭിരാമി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് രണ്ട് കൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അനുനയ ചർച്ചയും നടത്തിയിരുന്നു. എന്നാൽ ഇന്നലെ രാത്രി ഉമേഷ കത്തിയുമായി വന്ന് അഭിരാമിയേയും ലീനയേയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ ഉമേഷ് ബാബുവിനും പരിക്കേറ്റിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇയാൾ തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ചികിത്സയിൽ തുടരുകയാണ്. അഭിരാമിയുടെ അമ്മ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉമേഷ് ബാബുവിൻ്റെ കുടുംബാംഗങ്ങളായ രണ്ട് സ്ത്രീകളെ കൂടി പ്രതികളാക്കി കൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നത്. 

content highlights: Woman stabbed to death in Kollam